ബിബിസി ഡോക്യൂമെന്‍ററിയെ വിമര്‍ശിച്ച അനില്‍ ആന്‍റണിക്ക് എതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം

single-img
25 January 2023

തിരുവനന്തപുരം: ബിബിസി ഡോക്യൂമെന്‍ററിയെ വിമര്‍ശിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്‍റണിക്ക് എതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം.

പാര്‍ട്ടി നിലപാട് അല്ലെന്നു നേതാക്കള്‍ തിരുത്തിയിട്ടും അനില്‍ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതിലാണ് എതിര്‍പ്പ് കൂടുതല്‍. അനിലിനെ പുറത്താക്കണം എന്നാണ് യുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ആവശ്യപ്പെടുന്നത്. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനെതിരെ എന്ത് നടപടി എടുക്കും എന്ന് നേതാക്കള്‍ പറയുന്നില്ല.

അനില്‍ ഉള്‍പ്പെട്ട സമിതിയുടെ കാലാവധി തീര്‍ന്നതാണെന്നാണ് നേതാക്കളുടെ വാദം. ഒരുപക്ഷേ അനിലിനെ മാറ്റി കമ്മിറ്റി ഉടന്‍ പുനസംഘടിപ്പിച്ചേക്കും. ബിബിസി ഡോക്യുമെന്‍ററിയെ രാഹുല്‍ ഗാന്ധിയടക്കം സ്വാഗതം ചെയ്തിരുന്നു. സംസ്ഥാനത്ത് പ്രദര്‍ശനത്തിന് കെപിസിസിയും മുന്‍കൈയെടുക്കുമ്ബോഴാണ് നേതൃത്വത്തെ ഞെട്ടിച്ച്‌ അനില്‍ ആന്‍റണി ബിബിസിയെ തള്ളി പറഞ്ഞത്. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും അനില്‍ ട്വീറ്റ് ചെയ്തു.

അനില്‍ ഖേദം പ്രകടിപ്പിക്കണമന്നും നടപടി വേണമന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ അനില്‍ ആന്‍റണി നിലപാടിലുറച്ച്‌ തന്നെ നിന്നതോടെ പാര്‍ട്ടിക്ക് അത് വന്‍ തിരിച്ചടിയായി. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരല്ല തന്‍റെ നിലപാടെന്നും അനില്‍ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാ പാര്‍ട്ടികളും നിലനില്‍ക്കുന്നത് രാഷ്ട്ര താല്‍പര്യത്തിനായാണ്. അതില്‍ കക്ഷി വ്യത്യാസമില്ല. ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം വിലക്കിയതിന് താന്‍ എതിരാണെന്നും അനില്‍ ആന്‍റണി വ്യക്തമാക്കി.

പിന്നാലെ അനില്‍ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ ഇല്ലെന്ന് കെ സുധാകരന്‍ പ്രസ്താവനയിറക്കി. ഡിജിറ്റല്‍ സെല്ലിന്‍റെ പുനസംഘന നടക്കാനിരിക്കേ ഏതെങ്കിലും വ്യക്തി നടത്തുന്ന പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സുധാകരന്‍ വിശദീകരിച്ചു. അനിലിന്‍റെ നിയമനവുമായി ബന്ധപ്പെട്ടും പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. എ കെ ആന്‍റണിയെ കരുതി പലരും മിണ്ടാതിരുന്നങ്കിലും ഇപ്പോഴത്തെ വിവാദത്തില്‍ അനിലിനതെിരെ പടയൊരുക്കം ശക്തമാകുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ അനിലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഒരു പോസ്റ്റ് പോലും അനില്‍ പങ്കുവച്ചിട്ടില്ല എന്നതടക്കമുള്ള വിഷയങ്ങളും സൈബര്‍ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.