എൻ എസ് എസിന്റെ സമദൂരം എന്നുവെച്ചാൽ കോൺഗ്രസിന് അനുകൂലമെന്നാണ്: കെ സുധാകരൻ

14 August 2023

എൻ എസ് എസിന്റെ നിലപാടായ സമദൂരം എന്നുവെച്ചാൽ കോൺഗ്രസിന് അനുകൂലമെന്നാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമാണെന്നും കെ സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എന്‍എസ്എസിന്റെ വോട്ട് കിട്ടില്ലെന്ന് സിപിഎമ്മിന് തന്നെ അറിയാമെന്ന് പറഞ്ഞ സുധാകരന്‍, ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഎമ്മിന് എന്താണ് വേവലാതിയെന്നും ചോദിച്ചു. മരണപ്പെട്ടിട്ടും ഉമ്മൻചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് സിപിഎമ്മെന്ന് കെ സുധാകരൻ വിമര്‍ശിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയില്‍ പൂർണ്ണ ശുഭാപ്തി വിശ്വാസമാണ് ഉള്ളത്. അവിടെയുള്ള ജനങ്ങളുടെ പൾസ് കോണ്‍ഗ്രസ് തൊട്ടറിഞ്ഞതാണെന്നും സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത വിലയിരുത്തപ്പെടുമെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.