ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് കാടത്തം: പികെ കുഞ്ഞാലിക്കുട്ടി

single-img
8 December 2023

പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ലോക്സഭയിൽ നിന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയതിൽ പ്രതികരിച്ച് മുസ്ലിം ലീ​ഗ്. മഹുവ മൊയ്‌ത്രയെ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.

തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശ്ശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സർക്കാർ പ്രയോഗിക്കുന്നത്. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് കാടത്തമാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

അതേപോലെ തന്നെ, ഇതേ രീതിയിലാണ് രാഹുൽ ഗാന്ധിയെയും പുറത്തിരുത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂർണ്ണ പിന്തുണയെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.