താലിബാന്‍ പാകിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ല;തസ്ലീമ നസ്രീന്‍

single-img
19 February 2023

ഒരിക്കല്‍ താലിബാന്‍ പാകിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ പറഞ്ഞു.

കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് തസ്ലീമയുടെ പ്രതികരണം. തെഹ്‌രീക്-ഇ-താലിബാന്റെ സായുധരായ അഞ്ച് തീവ്രവാദികള്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

ഐഎസിന്റെ ആവശ്യമില്ല, പാകിസ്ഥാനെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ താലിബാന്‍ തന്നെ ധാരാളമാണ്. എന്നെങ്കിലും താലിബാന്‍ പാകിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്താലും ഞാന്‍ അത്ഭുതപ്പെടാനില്ല തസ്ലീമ നസ്റിന്‍ ട്വീറ്റ് ചെയ്തു. ഇസ്ലാമിക വിരുദ്ധ നിലപാടുകള്‍ ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് മതമൗലികവാദികളുടെ വധഭീഷണി നേരിടേണ്ടി വന്ന തസ്ലീമയ്ക്ക് 1994ല്‍ ബംഗ്ലാദേശ് വിടേണ്ടി വന്നിരുന്നു. അന്നുമുതല്‍ അവര്‍ പ്രവാസ ജീവിതം നയിക്കുകയാണ്.

വെള്ളിയാഴ്ച പാകിസ്ഥാന്‍ സമയം വൈകീട്ട് ഏഴ് മണിയോടെയാണ് ഷെരിയാ ഫൈസല്‍ റോഡിലുള്ള കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ച്‌ കയറിയ ഭീകരര്‍, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിര്‍ക്കുകയും ചെയ്തത്. കറാച്ചി പൊലീസിന്റെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ എത്തിയതെന്നാണ് വിവരം. 2021 ഓഗസ്റ്റില്‍ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം, പാകിസ്ഥാന്റെ വടക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റുകള്‍ ലക്ഷ്യമിട്ടുള്ള ഭീകരവാദം ക്രമേണ വര്‍ദ്ധിച്ചു വരികയാണ്. അഫ്ഗാന്‍ താലിബാനുമായി ആശയം പങ്കിടുന്ന സംഘടനയാണ് പാകിസ്ഥാന്‍ തെഹ്‌രീക്-ഇ-താലിബാന്‍. ജനുവരിയില്‍ പെഷവാറിലെ പൊലീസ് കോമ്ബൗണ്ടിനുള്ളിലെ പള്ളിയില്‍ 80 ലധികം ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്ഥാന്‍ താലിബാന്റെ ഒരു അനുബന്ധ സംഘടനയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. പൊലീസുകാരെ ലക്ഷ്യമിട്ടാണ് ഭീകരരുടെ പ്രവര്‍ത്തനമെന്നും ആരോപണം ഉയര്‍ന്നിരുന്നു.