തൊഴിലാളി വർഗത്തിന്റെ ഉയർത്തെഴുന്നേൽപ്പ് പ്രമേയമാക്കിയ സിനിമകൾ വലതുപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതിൽ അത്ഭുതമില്ല : മുഖ്യമന്ത്രി

ഐഎഫ്എഫ്കെ വ്യക്തമായ രാഷ്ട്രീയ നിലപാടോടെയാണ് ലോകത്തിനു മുന്നിൽ നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 30 പതിപ്പുകൾ പിന്നിടുന്ന ഐഎഫ്എഫ്കെ, തന്റെ രാഷ്ട്രീയ നിലപാട് തുറന്നുവെച്ചാണ് രാജ്യാന്തര തലത്തിൽ നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിജീവനത്തിനായി പൊരുതുന്ന മൂന്നാംലോക രാജ്യങ്ങളിലെ സിനിമകൾക്കാണ് ഐഎഫ്എഫ്കെ പ്രധാന്യം നൽകുന്നതെന്നും, ഈ നിലപാടിന് അടിവരയിടുന്നതാണ് ഇത്തവണത്തെ മേളയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വർഷം പതിവില്ലാത്ത പ്രതിസന്ധികളാണ് മേള നേരിട്ടതെന്നും, കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയമാണ് അസാധാരണ സാഹചര്യം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിലൂടെ മേളയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ കടന്നുകയറ്റമുണ്ടായെന്നും, ആദ്യ ദിനത്തിൽ തന്നെ പത്തോളം സിനിമകളുടെ പ്രദർശനം റദ്ദാക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 13 സിനിമകൾക്ക് അനുമതി ലഭിച്ചെങ്കിലും ആറ് സിനിമകൾക്ക് ഇപ്പോഴും പ്രദർശനാനുമതി നിഷേധിച്ച നില തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഭിന്നസ്വരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
‘ബീഫ്’ എന്ന പേരിലുള്ള സ്പാനിഷ് സിനിമയ്ക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ചതിനെയും അദ്ദേഹം വിമർശിച്ചു. ‘ബീഫ്’ എന്ന വാക്കിന് അവർക്കൊരു അർത്ഥമേ ഉള്ളൂവെങ്കിലും, ആ സിനിമയ്ക്ക് ബീഫ് എന്ന ഭക്ഷണപദാർത്ഥവുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളി വർഗത്തിന്റെ ഉയർത്തെഴുന്നേൽപ്പ് പ്രമേയമാക്കിയ സിനിമകൾ വലതുപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരുടെ അജ്ഞത മൂലമുള്ള സാങ്കേതിക പിഴവല്ലെന്നും, 30 വർഷം പഴക്കമുള്ള ഐഎഫ്എഫ്കെയെ ഇല്ലായ്മ ചെയ്യാനുള്ള സ്വേച്ഛാധിപത്യ ഇടപെടലാണ് ഇതിനുപിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചതെന്നും, ജനാധിപത്യവിരുദ്ധമായ ഏത് ഫാസിസ്റ്റ് നടപടിയെയും എതിർത്ത് സർക്കാർ ഉറച്ചുനിൽക്കുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്ക് മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


