യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരായ അപ്പീല്‍ തള്ളി

single-img
16 November 2023

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയ്ക്ക് വീണ്ടും തിരിച്ചടി. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചത്.

നിയമ സഹായത്തിനായി യമനിലേക്ക് പോകാന്‍ കേന്ദ്രത്തിന്റെ അനുമതിയും സഹായവും തേടി നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് കേസിലെ പുതിയ വിവരം പുറത്തുവന്നത്.
അതേസമയം നിമിഷയുടെ അമ്മ അപേക്ഷ നല്‍കിയാല്‍ ഒരാഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തനിക്ക് മകളെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അപ്പീല്‍ തള്ളിയത് അപ്രതീക്ഷിതമെന്ന് നിമിഷയുടെ അമ്മ പ്രതികരിച്ചു.

വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയെന്ന് വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയ വിവരമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഈ മാസം 13ന് ആണ് യെമന്‍ സുപ്രീംകോടതി അപ്പീല്‍ തള്ളിയത്. യെമന്‍ പ്രസിഡന്റിന് മാത്രമേ ഇനി ശിക്ഷയില്‍ ഇളവു നല്‍കാനാവൂയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകുന്നതിനുള്ള യാത്രാനുമതി നല്‍കുന്നതില്‍ കേന്ദ്രത്തിന് മുമ്പും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേന്ദ്രം തല്‍സ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്. സേവ് നിമിഷ പ്രിയ ഭാരവാഹികള്‍ക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നായിരുന്നു നിമിഷയുടെ അമ്മ ആവശ്യപ്പെട്ടത്.

2017 ജൂലൈ 25നായിരുന്നു തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകം. നേഴ്‌സായ നിമിഷ തലാലില്‍ കെറ്റാമൈന്‍ മയക്കുമരുന്ന് കുത്തിവെച്ചു. അബോധാവസ്ഥയിലായ തലാലിനെ വെട്ടിനുറുക്കി. സുഹൃത്തായ ഹനാന്റെ സഹായത്തില്‍ മൃതദേഹ ഭാഗങ്ങള്‍ കുടിവെള്ള ടാങ്കില്‍ ഒളിപ്പിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് അരുംകൊല പുറത്തറിയുന്നത്. ഓഗസ്റ്റില്‍ നിമിഷയെയും ഹനാനെയും യെമന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ക്ലിനിക്കിലെ നേഴ്‌സായിരുന്നു നിമിഷ. യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി 2014ല്‍ നാട്ടിലേക്ക് മടങ്ങി. പിന്നാലെയാണ് തലാല്‍ അബ്ദു മഹ്ദിയെ നിമിഷ പരിചയപ്പെടുന്നത്.

സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനാഗ്രഹിച്ച നിമിഷയ്ക്ക് ലൈസന്‍സിനായി തലാലിന്റെ സഹായം വേണ്ടി വന്നു. 2015ല്‍ ആരംഭിച്ച ക്ലിനിക്ക് വളരെ വേഗം സാമ്പത്തിക നേട്ടമുണ്ടാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍ വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെ അസ്യാരസ്യം ആരംഭിച്ചു. ക്രൂര പീഢനങ്ങള്‍ക്കൊടുവില്‍ മറ്റുവഴികളില്ലാതെ തലാലിനെ കൊല്ലേണ്ടി വന്നെന്നാണ് നിമിഷയുടെ വാദം. ആറ് വയസ്സുള്ള കുട്ടിയും വൃദ്ധയായ മാതാവും ഉണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.