നവജാത ശിശുവിന്റെ കൈയിന്റെ എല്ല് പൊട്ടി;ഇടത് കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു;പ്രസവമെടുത്തതില്‍ പിഴവെന്ന് കുടുംബം

single-img
3 May 2023

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവമെടുത്തതില്‍ പിഴവെന്ന് പരാതി.

നവജാത ശിശുവിന്റെ കൈയിന്റെ എല്ല് പൊട്ടിയെന്നും ഇടത് കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു.

മാര്‍ച്ച്‌ 27 നാണ് നെയ്യാറ്റിന്‍കരയിലെ ജനറല്‍ ആശുപത്രിയില്‍ വെച്ച്‌ അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈയ്ക്ക് പൊട്ടലുണ്ടായെന്നും ഞരമ്ബ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയില്‍ പറയുന്നത്. പ്രസവ സമയത്ത് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രധാന ഡോക്ടര്‍മാരുണ്ടായിരുന്നില്ലെന്നും ജൂനിയര്‍ ഡോക്ടറും നഴ്‌സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബര്‍ മുറിയില്‍ ഉണ്ടായിരുന്നതെന്നും കാവ്യ വിശദീകരിച്ചു. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിയിട്ടുണ്ട്.

ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ ശരിയാകുമെന്നാണ് നെയ്യാറ്റിന്‍കരയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും കുടുംബം ആരോപിക്കുന്നു.

അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞത്. അങ്ങനെ എസ്‌എടി ആശുപത്രിയില്‍ ചികിത്സ തേടി. പ്രസവമെടുത്തതിലെ പിഴവാണ് ഇതിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തതാണ് കൈയിന്റെ എല്ല് പൊട്ടാന്‍ കാരണം. നിലവില്‍ എല്ല് പൊട്ടിയത് ശരിയായെങ്കിലും ഞരമ്ബിന്റെ പ്രശ്‌നം മാറിയിട്ടില്ലെന്നും കുടുംബം പറയുന്നു.