കോം ഇന്ത്യയ്ക്ക് പുതിയ നേതൃത്വം; വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്

single-img
9 July 2026

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ മീഡിയ സംഘടനകളിലൊന്നും മലയാളത്തിലെ ശ്രദ്ധേയമായ ഓൺലൈൻ മാധ്യമ മാനേജ്മെന്റ് അസോസിയേഷനുമായ ‘കോം ഇന്ത്യ’യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേലാണ് പുതിയ പ്രസിഡന്റ്. മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യുവിനെ ജനറൽ സെക്രട്ടറിയായും ട്രൂ വിഷൻ ന്യൂസ് എഡിറ്റർ കെ.കെ. ശ്രീജിത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.

കുഞ്ഞിക്കണ്ണൻ മുട്ടത്ത് (കാസർകോട് വാർത്ത), കെ. ബിജിനു (കേരള ഓൺലൈൻ ന്യൂസ്) എന്നിവർ വൈസ് പ്രസിഡന്റുമാരായും, കെ.ആർ. രതീഷ് (ഗ്രാമജ്യോതി), സ്മിത അത്തോളി (മലബാറി ന്യൂസ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷാജൻ സ്കറിയ (മറുനാടൻ മലയാളി), പി.ആർ. വന്ദന (വൺ ഇന്ത്യ), സാജ് കുര്യൻ (സൗത്ത് ലൈവ്), അബ്ദുൾ മുജീബ് (കെ വാർത്ത), കെ. ഷാജി (എക്സ്പ്രസ് കേരള), അജയ് മുത്താന (വൈഗ ന്യൂസ്), അൽ അമീൻ (ഇ വാർത്ത), ഇസ്ഹാഖ് ഈശ്വരമംഗലം (മലബാർ ന്യൂസ്) എന്നിവരെയും തിരഞ്ഞെടുത്തു.

കൊച്ചിയിലെ ഐ.എം.എ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ കുഞ്ഞിക്കണ്ണൻ മുട്ടത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഡിജിറ്റൽ മീഡിയ സംഘടനയാണ് കോം ഇന്ത്യ.

സംസ്ഥാന പി.ആർ.ഡി 2023-ൽ ഡിജിറ്റൽ മാധ്യമങ്ങളുടെ പുതുക്കിയ മീഡിയ ലിസ്റ്റ് പുറത്തിറക്കുന്നതിൽ കോം ഇന്ത്യ നിർണായക ഇടപെടൽ നടത്തിയിരുന്നുവെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സംഘടനയിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും കോം ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. www.comindia.org . 4comindia@gmail.com എന്ന മെയിലിലും അപേക്ഷ അയക്കാവുന്നതാണ്. ആവശ്യമായ പരിശോധനകൾക്ക് ശേഷമായിരിക്കും അംഗത്വം അനുവദിക്കുകയെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 99616 74536