ഗുജറാത്തിലെ ഓരോ ബൂത്തും ബിജെപി വിജയിക്കുമെന്ന് നിങ്ങൾ ഉറപ്പാക്കണം; പ്രവർത്തകരോട് പ്രധാനമന്ത്രി

single-img
20 November 2022

അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും ബിജെപി വിജയിക്കുമെന്ന് ഉറപ്പുവരുത്താൻ പ്രവർത്തകരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളിംഗ് നടക്കുന്ന ദിവസം വൻതോതിൽ എത്തിച്ചേരാനും മുൻകാല റെക്കോർഡുകളെല്ലാം തകർക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സംസ്ഥാനത്തെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോഡി. ” സംസ്ഥാനത്തെ എല്ലാ ബൂത്തും ബിജെപി വിജയിക്കുമെന്ന് നിങ്ങൾ ഉറപ്പാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്കായി ചെയ്യുമോ? ഇത്തവണ എല്ലാ പോളിംഗ് ബൂത്തുകളിലും വിജയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് നേടാൻ നിങ്ങൾ എന്നെ സഹായിച്ചാൽ, ഈ നാല് ബിജെപി സ്ഥാനാർത്ഥികളും സ്വയം നിയമസഭയിലെത്തും.” – മോദി പറഞ്ഞു.