മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരനരു പോക്‌സോ കേസില്‍ അറസ്റ്റില്‍

single-img
2 September 2022

ബംഗളൂരു: കര്‍ണാടകയിലെ മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരനരു പോക്‌സോ കേസില്‍ അറസ്റ്റില്‍. മഠത്തിന് കീഴിലുള്ള ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശരനരുവിനെ അറസ്റ്റ് ചെയ്ത്.

ശരനരുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിന്റെ വാര്‍ഡനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

15ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെ 2019 ജനുവരി മുതല്‍ 2022 ജൂണ്‍ വരെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്. രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, മുരുഗമഠം ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിയു എംഎല്‍എ ബസവരാജനും ഭാര്യ സൗഭാഗ്യയ്ക്കും ചിത്രദുര്‍ഗ കോടതി ജാമ്യം അനുവദിച്ചു. വാര്‍ഡന്റെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.