ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം

single-img
19 November 2022

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം.

തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പ്രതിയായ പൊന്യം പാലം സ്വദേശി മുഹമ്മദ് ഷിഹാദ് നടത്തിയത് ഗുരുതരമായ നരഹത്യശ്രമം ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടിയാണെന്ന പരിഗണന പോലും നല്‍കാതെയുളള ആക്രമണമാണ് പ്രതി നടത്തിയത്. ആദ്യഘട്ടത്തില്‍ പൊലീസിന് വലിയ വീഴ്ച സംഭവിച്ച കേസില്‍ റെക്കോഡ് വേഗത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ മൂന്നിന് വൈകിട്ടാണ് തലശ്ശേരി മണവാട്ടി ജംഗ്ഷനില്‍ കാറില്‍ ചാരി നിന്ന് എന്ന കുറ്റത്തിന് രാജസ്ഥാന്‍ സ്വദേശിയായ ആറ് വയസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. മുഹമ്മദ് ഷിഹാദ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. കേരള മനഃസാക്ഷിയെ നടുക്കിയ സംഭവത്തില്‍ ലോക്കല്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

സംഭവത്തില്‍ പൊലീസിന് വലിയ വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. തലശ്ശേരി എസ് എച്ച്‌ ഒ ഉള്‍പ്പെടെയുളളവര്‍ക്ക് വീഴ്ച പറ്റിയെന്ന് കാണിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ റൂറല്‍ എസ്പി പി ബി രാജീവ് എഡിജിപിക്ക് നല്‍കി. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ് എച്ച്‌ ഒ നടപടിയൊന്നും എടുക്കാതെ വിട്ടയച്ചു എന്നതാണ് പ്രധാന വീഴ്ചയായി റിപ്പോര്‍ട്ടിലുള്ളത്. മര്‍ദ്ദനമേറ്റ സ്ഥലത്ത് പൊലീസുദ്യോഗസ്ഥര്‍ പോയെങ്കിലും സംഭവത്തിന്‍്റെ ഗൗരവം മനസിലാക്കി ഇടപെടുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാതിരുന്നതും വീഴ്ചയാണ്. എസ് എച്ച്‌ ഒ അടക്കം സ്റ്റേഷനിലെ നാല് പൊലീസുദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.