ആ സിനിമയുടെ ഷൂട്ടിങ് തീരാൻ കാത്തിരുന്ന് കരഞ്ഞു; ‘കോസ്മിക് സാംസൺ’ വിശേഷങ്ങളുമായി മിയ

single-img
26 November 2026

ചെറിയ ഇടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് മിയ നായികയാകുന്ന ‘കോസ്മിക് സാംസൺ’. സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം നവംബർ 27ന് തിയറ്ററുകളിലെത്തും. ഇതിനിടെ സിനിമയുടെ ലൊക്കേഷനിൽ താൻ ഏറെ സന്തോഷത്തോടെയാണ് ജോലി ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിയ.

‘കോസ്മിക് സാംസൺ’ പ്രമോഷന്റെ ഭാഗമായി വൺ ടു ടോക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജീവിതത്തിൽ ഏറ്റവും സന്തോഷത്തോടെയും ചിരിച്ചും ജോലി ചെയ്ത സിനിമകളിലൊന്നാണ് ‘കോസ്മിക് സാംസൺ’ എന്നും ഇതിന് മുഴുവൻ അണിയറപ്രവർത്തകരോടും നന്ദിയുണ്ടെന്നും മിയ പറഞ്ഞു.

അതേസമയം, മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടെ നേരിട്ട വിരസമായ അനുഭവവും താരം പങ്കുവെച്ചു. ആ സിനിമയുടെ ഷൂട്ടിങ് എത്രയും വേഗം അവസാനിച്ച് വീട്ടിലേക്ക് മടങ്ങാനായിരുന്നു ആഗ്രഹമെന്നും ഷൂട്ടിങ് നീണ്ടുപോയതിൽ കരഞ്ഞുപോയെന്നും മിയ വെളിപ്പെടുത്തി.

വെള്ളിയാഴ്ച ഷൂട്ടിങ് അവസാനിക്കുമെന്ന് അറിയിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച മുതൽ അതിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാവിലെ ഷൂട്ടിങ് തിങ്കളാഴ്ച മാത്രമേ അവസാനിക്കൂവെന്ന് അറിയിച്ചതോടെ വലിയ വിഷമമുണ്ടായി. വീട്ടിൽ പോകണമെന്ന് പറഞ്ഞ് കരഞ്ഞെന്നും മിയ ഓർത്തെടുത്തു.

സിനിമയിലെ നടൻ കാരണമല്ല തനിക്ക് വിരസത അനുഭവപ്പെട്ടതെന്നും സെറ്റിലെ അന്തരീക്ഷമായിരുന്നു അതിന് കാരണമെന്നും താരം വ്യക്തമാക്കി. എന്നാൽ ‘കോസ്മിക് സാംസൺ’ ലൊക്കേഷനിൽ എത്രനേരം വേണമെങ്കിലും ചെലവഴിക്കാൻ സന്തോഷമായിരുന്നുവെന്നും എല്ലാവരും നല്ല സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും മിയ കൂട്ടിച്ചേർത്തു.