ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസില്‍ ആരെയും രക്ഷിക്കാന്‍ ശ്രമം ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

single-img
13 April 2023

കോട്ടയം: ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസില്‍ ആരെയും രക്ഷിക്കാന്‍ ശ്രമം ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍.

നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. പോലീസ് സമഗ്രമായി അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പക്ഷപാതമോ വിവേചനമോ ഇല്ല. രാഷ്ട്രീയമായി പല ആരോപണങ്ങളും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച്‌ സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച്‌ കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതേ സമയം, മകന്‍ പ്രതിയായ വാഹന അപകട കേസിലെ പൊലീസ് കള്ളക്കളിയെ കുറിച്ച്‌ ഉയര്‍ന്ന ആരോപണങ്ങളോട് മൗനം പാലിക്കുകയാണ് ജോസ് കെ മാണി. കോട്ടയത്ത് നടന്ന കെ. എം. മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ മാണി മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ തയാറായില്ല. കെ.എം.മാണിയുടെ ഓര്‍മ നിറഞ്ഞ വേദിയില്‍ മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.

അപകടത്തിനു പിന്നാലെ ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധന ഒഴിവാക്കാന്‍ എഫ് ഐ ആറില്‍ പൊലീസ് കൃത്രിമം നടത്തി എന്ന ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും മൗനം തുടരുകയാണ് കേരള കോണ്‍ഗ്രസ് എം. തിരുനക്കരയില്‍ കെ.എം.മാണി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ജോസ് കെ മാണിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും എം പി മാധ്യമങ്ങള്‍ക്കു മുന്നിലെത്തില്ലെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ അറിയിച്ചു.