പ്രസിഡന്റിന് തന്നോട് കൂടുതല്‍ അടുപ്പം ഉണ്ടാകാൻ ദുർമന്ത്രവാദം നടത്തി; മാലദ്വീപിൽ മന്ത്രി അറസ്റ്റിൽ

single-img
28 June 2024

മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തി എന്ന ആരോപണത്തെത്തുടർന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, ഊര്‍ജ വകുപ്പു സഹമന്ത്രിയെ അറസ്റ്റ് ചെയ്തു . മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ അറസ്റ്റു ചെയ്തതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മാലദ്വീപിൽ ദുർമന്ത്രവാദം നിയമപരമായി ക്രിമിനൽ കുറ്റമല്ല. പക്ഷേ, ഇസ്‌ലാമിക നിയമപ്രകാരം ആറു മാസത്തെ ജയിൽ ശിക്ഷവരെ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്.

സംഭവത്തിൽ ഷംനാസിനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കുകയും ചെയ്തു. പ്രസിഡന്റിന് തന്നോട് കൂടുതല്‍ അടുപ്പം ഉണ്ടാകാനാണ് ഷംനാസ് ദുർമന്ത്രവാദം നടത്തിയതെന്നാണ് റിപ്പോർട്ട്. രഹസ്യവിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഷംനാസുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഷംനാസിന്റെ സഹോദരനും മന്ത്രവാദിയും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. ജൂൺ 23നാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു ദിവസത്തേക്കു റിമാൻഡ് ചെയ്തത്. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായ റിപ്പോർട്ട് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മുഹമ്മദ് മുയിസു മന്ത്രിസഭയിലെ അം​ഗമായ ആദം റമീസിന്റെ മുന്‍ഭാര്യയാണ് ഷംനാസ്. മുയിസു മാലി സിറ്റി നഗരസഭാ മേയറായിരുന്ന കാലത്ത് ഷംനാസ് സിറ്റി കൗണ്‍സിൽ മെംബറായിരുന്നു. കഴിഞ്ഞ വർഷം മുയിസു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലിൽനിന്നു രാജിവച്ച ഷംനാസ് പിന്നാലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മുളിയാഗെയിൽ സഹമന്ത്രിയായി. പിന്നീടാണ് പരിസ്ഥിതി മന്ത്രാലയത്തിലേക്കു നിയമനം നേടിയത്.