അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ജർമ്മൻ താരം മെസ്യൂട്ട് ഓസില്‍

single-img
22 March 2023

മുന്‍ ആഴ്‌സണല്‍, റയല്‍ മാഡ്രിഡ് മിഡ്‌ഫീള്‍ഡറായ മെസ്യൂട്ട് ഓസില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ നിന്ന് വിരമിച്ചു. മുപ്പത്തിനാലാം വയസിലാണ് ധാരാളം വിവാദങ്ങള്‍ നിറഞ്ഞ കരിയറിന് ഓസില്‍ വിരാമമിട്ടത്. ജര്‍മ്മനിക്കായി കരിയറിൽ 92 മത്സരങ്ങളില്‍ കളിക്കുകയും 2014 ലോകകപ്പ് നേടിയ ടീമില്‍ അംഗമാവുകയും ചെയ്ത ഓസില്‍ തുര്‍ക്കിയില്‍ ഇസ്‌താംബൂള്‍ ക്ലബിനായാണ് കളിച്ചുവന്നിരുന്നത്.

പക്ഷെ പരിക്ക് കാരണം സീസണില്‍ എട്ട് മത്സരങ്ങളേ ഇറങ്ങാനായുള്ളൂ. ഇതോടെ താരം നിലവിലെ കരാര്‍ റദ്ദാക്കി. ദീർഘമായ ആലോചനകള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് അടിയന്തര വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. 17 വര്‍ഷത്തോളം പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാനായതിന്റെ അഭിമാനമുണ്ട്. അവസരം തന്ന ക്ലബുകള്‍ക്ക് നന്ദിയറിയിക്കുന്നു. പക്ഷെ കഴിഞ്ഞ ആഴ്ചകളിലും മാസങ്ങളിലും പരിക്ക് എന്നെ അലട്ടി.

ഫുട്ബോളിന്റെ വലിയ വേദിയോട് യാത്ര പറയാനുള്ള ഉചിതമായ സമയമാണിത് എന്നും ഓസില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ഷാല്‍ക്കേ, വെര്‍ഡെര്‍ ബ്രെമന്‍, റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍, ഫെനെര്‍ബാച്ചെ, ബഷക്‌ഷേര്‍ ഇസ്‌താംബൂള്‍ ക്ലബുകള്‍ക്കും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദിയറിയിക്കുന്നു. പിന്തുണ നല്‍കിയ കുടുംബാംഗങ്ങള്‍ക്ക് സുഹൃത്തുക്കള്‍ക്കും നന്ദിയറിയിക്കുന്നതായും ഓസീല്‍ കുറിച്ചു.