കേരള ബാങ്കിന്‍റെ ഭരണസമിതിയിൽ മുസ്ലിം ലീഗ് അംഗം; വിവാദമാക്കേണ്ട എന്ന നിലപാടിൽ ലീഗ്

single-img
16 November 2023

കേരള ബാങ്കിന്‍റെ ഭരണസമിതിയിൽ മുസ്ലിം ലീഗ് അംഗം. മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ പി അബ്ദുൽ ഹമീദാണ് കേരള ബാങ്ക് ഭരണസമിതി അംഗമാകുന്നത്. ഇതിന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം അനുമതി നൽകി.

കേരള ബാങ്ക് ഭരണസമിതിയിൽ ആദ്യമായാണ് ഒരു യുഡിഎഫ് എംഎൽഎ അംഗമാകുന്നത്. ഇന്ന് കണ്ണൂരിൽ ചേർന്ന കേരളബാങ്ക് ഭരണസമിതിയാണ് ലീഗ് നേതാവിനെ ഭരണസമിതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം എടുത്തത്. മുസ്ലിം ലീഗുമായുള്ള അടുപ്പം കൂട്ടാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

നിലവിൽ വള്ളിക്കുന്ന് എംഎൽഎയായ അബ്ദുൽ ഹമീദ് പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റാണ്. ഈ സ്ഥാനം വിവാദമാക്കേണ്ട എന്ന നിലപാടിൽ മുസ്‌ലിം ലീഗ്. സിപിഎം സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുൽ ഹമീദിനെ ഉൾപ്പെടുത്തുന്നത്. സിപിഎമ്മും മുസ്‌ലിം ലീഗും തമ്മിൽ അടുക്കുന്നു എന്ന വാർത്തകൾ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ ഇത് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയായേക്കും.

കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് പ്രതിനിധി ഉൾപ്പെട്ട വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ പറഞ്ഞു . പ്രതിനിധിയെ നോമിനേറ്റ് ചെയ്തത് സർക്കാരാണ്. ഹൈക്കോടതിയിലെ കേസിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ലീഗ് വ്യക്തമാക്കിട്ടുണ്ട്. കേരള ബാങ്കിനെതിരായ രാഷ്ട്രീയ നിയമ പോരാട്ടം തുടരുമെന്നും എം എം ഹസൻ പറഞ്ഞു.