എന്റെ അച്ഛനും അമ്മയും ശരിയായ ആൾക്കാരല്ല എന്ന രീതിയിൽ പലരും സംസാരിച്ചിട്ടുണ്ട് :കനി കുസൃതി

single-img
14 May 2024

നാടകങ്ങളിലും സിനിമകളിലുംഅടയാളപ്പെടുത്തിയ നടി കനി കുസൃതി തന്റെ രക്ഷിതാക്കളായ മൈത്രേയനെ കുറിച്ചും ഡോ. ജയശ്രീയെ കുറിച്ചും സംസാരിക്കുകയാണ് ഒരു അഭിമുഖത്തിൽ . ചിലബന്ധുക്കൾ ഉൾപ്പടെ തന്റെ അച്ഛനും അമ്മയും ശരിയായ ആൾക്കാരല്ല എന്ന രീതിയിൽ പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്ന് കനി പറയുന്നു.

“അവർ ശരിയായിട്ടുള്ള ആൾക്കാരല്ല, മകൾ എന്തായാലും കുഴപ്പമില്ലാതായി എന്നുവരെ ചിലർ പറഞ്ഞു. പതിനാല് പതിനഞ്ച് വയസ് വരെ എനിക്ക് വിഷമം ആയിരുന്നു. എനിക്കെന്റെ അച്ഛനും അമ്മയും ട്രൂത്ത്ഫുൾ ആയവരായാണ് തോന്നിയത്. കള്ളത്തരം തോന്നിയിട്ടില്ല. എന്റെ അച്ഛനും അമ്മയും ആയത് കൊണ്ട് പോലുമല്ല.

എന്നെ സംബന്ധിച്ച് സത്യസന്ധത വളരെ പ്രധാനമാണ്. എന്റെ അമ്മൂമ്മ എന്നെ ഒരുപാട് ഇഷ്ടപ്പെട്ട ആളാണ്. പക്ഷെ വീട്ടിൽ മീൻ വറുത്തതുണ്ടെങ്കിൽ കൂട്ടുകാരിൽ നിന്നും ഒളിച്ച് നിർത്തി മോളേ, ഒരെണ്ണം നീയെടുത്തോ എന്ന് പറയും. എനിക്ക് എല്ലാവർക്കും കൊടുക്കണം. പക്ഷെ അമ്മൂമ്മയ്ക്ക് എന്നോടാണ് കൂടുതൽ സ്നേഹം. അമ്മൂമ്മയും കൊടുക്കും. പക്ഷെ എന്നോട് ചോദിക്കണം.

എന്നാൽ എന്തിനാണ് ചോദിക്കുന്നത്, ഉറപ്പായും എല്ലാവർക്കും കൊടുക്കുക എന്നാണ് ഞാൻ ആലോചിക്കുന്നത്. മൈത്രേയനും ജയശ്രീ ചേച്ചിയും അത്തരം വേർതിരിവുകൾ കൂടെയുള്ള ആരോടും കാണിച്ചിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഫസ്റ്റ് റാങ്ക് കിട്ടി. മൈത്രേയനും ജയശ്രീയും റാങ്കിം​ഗ് സിസ്റ്റമൊന്നും കാര്യമാക്കിയില്ല.

അതുകൊണ്ടുതന്നെ അതാണ് ശരിയെന്ന് എനിക്കും ആ പ്രായത്തിൽ മനസിലായി. ഞാനും കൂട്ടുകാരും മത്സരിച്ചിരുന്നില്ല. മൈത്രേയനും ജയശ്രീ ചേച്ചിയും അഭിപ്രായങ്ങൾ പറയുന്നതും തീരുമാനമങ്ങളെടുത്തതും പക്ഷപാതമില്ലാതെയാണ്.

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക ട്രീറ്റ്മെന്റൊന്നും ഇല്ലായിരുന്നു. ബന്ധുക്കളോ മറ്റോ മൈത്രയേനോ ജയശ്രീ ചേച്ചിയോ ശരിയല്ലെന്ന് പറഞ്ഞാൽ എനിക്കവർ ശരിയല്ലാത്ത കാര്യം ചെയ്യുന്നതായി തോന്നിയിട്ടില്ല. നമുക്ക് ചോ​ദിക്കാനുള്ള സ്പേസ് ഉണ്ട്. നമുക്ക് ഇഷ്ടമുള്ള ആന്റിമാർ ജയശ്രീ സാരിയുടുക്കുന്നത് നേരെയല്ല, കമ്മലും മാലയും എന്താണ് ഇടാത്തത് എന്നൊക്കെ പറയുമ്പോൾ അവരും എന്റെ അച്ഛനെയും അമ്മയെയും ഇഷ്ടപ്പെടണമെന്ന് ചിന്തിച്ച് ടീനേജ് വരെ വിഷമം വന്നിട്ടുണ്ട്.

പക്ഷെ ഞാൻ വളരുകയും വായിക്കുകയും നാടകം ചെയ്യുകയും ചെയ്തപ്പോൾ മനുഷ്യർ പല വിധമാണെന്ന് മനസിലാക്കി.” എന്നാണ് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.

അതേസമയം കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.