സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍ പലരും ഇന്ന് അയാളെ ഭയപ്പെടുന്നു; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി

single-img
24 March 2023

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു.

വിവാദ പ്രസംഗത്തിന്റെ പേരില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാര്‍ലമെന്റില്‍ രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകള്‍രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നില്‍ക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചില്‍ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് …സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു…അയോഗ്യതകള്‍ കല്‍പ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തില്‍ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു…അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം..

അതേസമയം, എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്വാഭാവികമാണെന്ന് ബിജെപി. അയോഗ്യനാക്കിയ നടപടി സ്വാഭാവികമാണെന്നും ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഇനി കോടതി തീരുമാനം നിര്‍ണ്ണായകമാകും. മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച്‌ കോണ്‍ഗ്രസ് ആദ്യം സെഷന്‍സ് കോടതിയെ സമീപിക്കും. വയനാട്ടില്‍ ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ആലോചനയിലുണ്ട്. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തന്‍ഖ, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരടെ പാനലാകും നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുക. സെഷന്‍സ് കോടതിയില്‍ ആദ്യം അപ്പീല്‍ നല്കും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീല്‍.