മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന് പ്രേരകമായത് വ്യാജ പ്രചാരണമെന്ന് പൊലീസ്

single-img
21 July 2023

ദില്ലി: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന് പ്രേരകമായത് വ്യാജ പ്രചാരണമെന്ന് പൊലീസ്. ദില്ലിയില്‍ നടന്ന കൊലപാതക വാര്‍ത്ത മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നടന്നതെന്ന പേരില്‍ പ്രചരിച്ചതാണ് മണിപ്പൂരിലെ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മെയ്തെയ് വിഭാഗത്തിലെ സ്ത്രീയ്ക്ക് നേരെയുണ്ടായ അതിക്രമം എന്ന പേരിലാണ് വ്യാപക പ്രചാരം നേടിയത്.

പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലുള്ള സ്ത്രീയുടെ മൃതദേഹം മണിപ്പൂരി സ്ത്രീയുടേതെന്ന പേരില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കാംഗ്പോക്പിയില്‍ അഞ്ച് പേരെ തട്ടിക്കൊണ്ട് പോകാനിടയാക്കിയത്. 800 മുതല്‍ 1000 പേര്‍ വരെ അടങ്ങിയ ആയുധധാരികള്‍ ഗ്രാമത്തിലേക്ക് ഇരച്ച് കയറി വന്‍ അക്രമം നടത്തിയതെന്നും പൊലീസ് വിശദമാക്കി. മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

വീഡിയോ പുറത്തുവന്നതോടെ രാജ്യ വ്യാപകമായി രോഷം ഉയരുകയും പ്രധാനമന്ത്രി അടക്കം അക്രമത്തേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നഗ്നരാക്കിസ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെയ്തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം ആരോപിച്ചത്.  ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പ്രതികരിച്ചിരുന്നു.