വീട്ടിലെ ഷൂരാക്ക് അലമാരയിൽ കഞ്ചാവ് ചെടികൾ വളർത്തി; യുവാവ് പിടിയിൽ
25 December 2025

വീട്ടിനുള്ളിൽ ഷൂരാക്ക് അലമാരയിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ തോപ്പിനകത്ത് താമസിക്കുന്ന ധനുഷിനെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ താമസസ്ഥലത്ത് നിന്ന് 72 സെന്റിമീറ്ററും 23 സെന്റിമീറ്ററും ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വീട്ടുവരാന്തയിലെ ഷൂരാക്കിനുള്ളിൽ ഒളിപ്പിച്ചാണ് ചെടികൾ വളർത്തിയിരുന്നത്.
ഗ്രോ ബാഗുകളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിരുന്നു കഞ്ചാവ് നട്ടുവളർത്തിയത്. ചെടികൾക്ക് ആവശ്യമായ പ്രകാശം ലഭിക്കുന്നതിനായി പ്രത്യേക ലൈറ്റിംഗ് സംവിധാനം, എക്സ്ഹോസ്റ്റ് ഫാൻ തുടങ്ങിയ ഉപകരണങ്ങളും ഒരുക്കിയ നിലയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. തുടര്‍നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.


