രാജി വെക്കരുതെന്നും, നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പോരാടണമെന്നും മമ്മൂക്കയും ലാലേട്ടനും പറഞ്ഞു: ശ്വേതാ മേനോൻ

single-img
4 July 2026

താരസംഘടന ‘അമ്മ’യിലെ തർക്കം രൂക്ഷമാകുകയാണ്. ‘അമ്മ’യില്‍ നിന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും സംഘവും നീക്കം തുടങ്ങിയിട്ടുണ്ട്. നടി ശ്വേത മേനോനെതിരെയും ‘അമ്മ’ ഭരണസമിതിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മാലാ പാർവതി, ഉഷ ഹസീന, അൻസിബ ഹസൻ, മായാ വിശ്വനാഥ് എന്നിവർ സംയുക്തമായി ഇന്ന് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു.

തുടർന്ന് ശ്വേത ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘അമ്മ’യിലെ ചില തർക്കങ്ങൾ മുതലെടുത്ത് ‘അമ്മ’യെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജി വെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല’അമ്മ’ എങ്ങനെ ഫംഗ്ഷൻ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ‘അമ്മ’യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത്. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല,” എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ശ്വേത പറഞ്ഞത്.