ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കിയതിനെ തുടർന്ന് മമത ബാനർജിക്ക് പരിക്ക്;ഡോക്ടറുടെ ഉപദേശം തള്ളി ആശുപത്രി വിട്ടു

single-img
28 June 2023

കൊൽക്കത്ത: ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കിയതിനെ തുടർന്ന് പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡോക്ടറുടെ ഉപദേശം തള്ളി ആശുപത്രി വിട്ടു. ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് മമത ബാനർജിയുടെ കാൽമുട്ടിനും ഇടുപ്പിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ തുടരണമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും മമത വീൽചെയറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

എസ്എസ്‌കെഎം ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിൽ മമതയുടെ ഇടത് കാൽമുട്ട് ജോയിന്റിനും ഇടത് ഹിപ് ജോയിൻ്റ് ലിഗമെന്റിനും പരിക്കേറ്റതായി കണ്ടെത്തി. വിശദമായ ചികിത്സ തുടരേണ്ടതുണ്ടെന്നും ആശുപത്രിയിൽ തുടരണമെന്നും ഡോക്ടർമാർ മമതയെ അറിയിച്ചു. എന്നാൽ, പ്രാഥമിക ചികിത്സ ലഭിച്ചതിന് പിന്നാലെ വീൽചെയറിൽ വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ആവശ്യത്തെത്തുടർന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റതിനാൽ 48 മണിക്കൂർ ആശുപത്രിയിൽ കഴിയണമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെങ്കിലും ഡിസ്ചാർജ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു. പരിശോധനയ്ക്കായി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ആശുപത്രിയിൽ വരാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

സാരമായി പരിക്കേറ്റതായി തൃണമൂൽ മമത പറഞ്ഞു. എന്റെ കൈക്കും കാലിനും പരിക്കേറ്റു, എല്ലുകൾക്ക് പരിക്കുണ്ട്. ലിഗമെന്റിന് പരിക്കേൽക്കുകയും ചെയ്തുവെന്ന് മമത വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി
സിലിഗുരിയിലെത്തിയതായിരുന്നു മമത ബാനർജി. രണ്ട് ദിവസത്തെ പരിപാടികൾ പൂർത്തിയാക്കി കൊൽക്കത്തയിലേക്ക് മടങ്ങാനിരിക്കെയാണ് മമത സഞ്ചരിച്ച ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തത്.

ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്റർ ആടിയുലഞ്ഞതോടെയാണ് മമതയ്ക്ക് പരിക്കേറ്റത്. ശക്തമായ മഴയിലും കാറ്റിലും ബൈകുന്ദാപുർ വനത്തിന് മുകളിൽ വെച്ചാണ് ഹെലികോപ്റ്റർ ആടിയുലഞ്ഞത്. സെവോക് എയർബേസിലാണ് അടിയന്തര ലാൻഡിങ് നടത്തിയത്. തുടർന്ന് മമതയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.