മലപ്പുറം ജില്ല വിഭജിക്കണം; ജില്ലാ പുനർനിർണയം അനിവാര്യമെന്ന് സമസ്തയുടെ പ്രമേയം

single-img
7 February 2026

മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയം പാസാക്കി. കാസര്‍ഗോഡ് കുണിയയില്‍ നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് നിലവിലെ ഭരണസംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ പുനര്‍നിര്‍ണയം അനിവാര്യമാണെന്ന് സമസ്ത വ്യക്തമാക്കി.

ജനസംഖ്യാ വര്‍ധന, ഭൂപ്രകൃതി, യാത്രാക്ലേശം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണനിര്‍വഹണം കൂടുതല്‍ വെല്ലുവിളിയാകുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ സാഹചര്യങ്ങളുണ്ടെന്നും സമസ്ത വ്യക്തമാക്കി.

ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലകളുടെ പുനര്‍നിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ട പ്രമേയം ഉമര്‍ ഫൈസി മുക്കമാണ് അവതരിപ്പിച്ചത്. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതോടെ സിവില്‍ സ്റ്റേഷനുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും പിന്നാക്ക മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുമെന്നും സമസ്ത വിലയിരുത്തി.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് മുന്നോട്ടുവരണമെന്നും സമസ്ത ആവശ്യപ്പെട്ടു.