മഅദനിയുടെ ആരോഗ്യസ്ഥിതി മോശം;സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇതുവരെ തീരുമാനമായില്ല 

single-img
29 June 2023

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കൊച്ചിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്.

വിചാരണ തടവുകാരനായ മഅദനിക്ക് 12 ദിവസത്തേക്കാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയിൽ ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണമാണ് നല്‍കിയത്. രാത്രി ഒൻപത് മണിയോടെയാണ് മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചിരുന്നു.

മഅദനിയുടെ സുരക്ഷയ്ക്ക് 10 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മദനി പറഞ്ഞിരുന്നു.