വില 300 ആക്കിയാല്‍ ബിജെപിയെ സഹായിക്കും എന്ന ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ എം എ ബേബി

single-img
21 March 2023

റബ്ബര്‍ വില 300 ആക്കിയാല്‍ ബിജെപിയെ സഹായിക്കും എന്ന ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് എം എ ബേബി.

ഇത് ക്രിസ്തീയവിശ്വാസം അല്ലെന്ന് എം എ ബേബി പ്രതികരിച്ചു. കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്നാണ് ആര്‍ച്ച്‌ ബിഷപ്പ് പറയുന്നത്. ഫാദര്‍ സ്റ്റാന്‍ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികള്‍ ആലോചിക്കേണ്ടത്. നീതിയെ കുറിച്ചാണ് ക്രിസ്ത്യാനികള്‍ ആലോചിക്കേണ്ടത്. നീതിയുടെ പക്ഷത്ത് നില്ക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളഛായയോ തരുന്നവരുടെ കൂടെ നില്ക്കാന്‍ അല്ല എന്നും എം എ ബേബി അഭിപ്രായപ്പെട്ടു.