ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നടത്താനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പമുള്ളത്: മുഖ്യമന്ത്രി

single-img
9 April 2023

ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങളുടെ നിരാശ മാറ്റി പകരം പ്രതീക്ഷ കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാര്‍ 600 രൂപ പെന്‍ഷന്‍ കൃത്യമായി കൊടുത്തില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ നാടിനെ പിന്നോട്ടടിപ്പിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂര്‍ എസ് എന്‍ പുരത്ത് ഇ എം എസ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ പറഞ്ഞു.

കള്ളപ്രചാരണങ്ങളെ തള്ളികളഞ്ഞാണ് ജനങ്ങള്‍ എല്‍ഡിഎഫിന് തുടര്‍ ഭരണം നല്‍കിയത്. ജനങ്ങള്‍ക്ക് ഇപ്പോള്‍ ഓഫീസുകളില്‍ കയറിയിറങ്ങി സമയം കളയേണ്ടതില്ലെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ മാറ്റങ്ങളിലൊക്കെ ചില പ്രത്യേക മനസ്ഥിതിക്കാര്‍ക്ക് വിയോജിപ്പുണ്ടാകും. കാരണം ഒന്നും നടക്കരുതെന്നാണ് അവരുടെ ആഗ്രഹം. സംസ്ഥാനത്തെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നടത്താനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പമുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.