യൂണിഫോം സർവീസുകളിലേയ്ക്ക് ആദിവാസി സമൂഹത്തിൽ നിന്ന് ഏറ്റവുമധികം നിയമനം നടത്തിയത് എൽ ഡി എഫ് സർക്കാർ: സിപിഎം

single-img
29 December 2022

യൂണിഫോം സർവീസുകളിലേയ്ക്ക് ആദിവാസി സമൂഹത്തിൽ നിന്ന് ഏറ്റവുമധികം നിയമനം നടത്തിയത് എൽ ഡി എഫ് സർക്കാർ ആണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി . 2016 മുതൽ ഇന്നുവരെ ആദിവാസി സമൂഹത്തിൽ നിന്നുള്ള 224 പേർക്ക് വിവിധ സർവീസുകളിലായി നിയമനം നൽകാനായി.

പുരുഷ സിവിൽ പോലീസ് ഓഫീസർമാരായി 144 പേരെയും വനിതാ സിവിൽ പോലീസ് ഓഫീസർമാരായി 56 പേരെയും സിവിൽ എക്സൈസ് ഓഫീസർമാരായി 24 പേരെയും നിയമിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിനായുള്ള ഫോറസ്റ് ബീറ്റ് ഓഫീസർ തസ്തികയിലേക്ക് 500 ആദിവാസി യുവതിയുവാക്കളെ നിയമിക്കാനായുള്ള പ്രത്യേക റിക്രൂട്മെന്റ് പുരോഗമിക്കുകയാണെന്നും കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

വയനാട്, നിലമ്പൂർ, അട്ടപ്പാടി എന്നീ മേഖലകളിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി പ്രത്യേക റിക്രൂട്മെന്റ് നടത്തിയാണ് ഇത്രയും നിയമനങ്ങൾ സാധ്യമായത്. പിഎസ്‌സി ഉദ്യോഗസ്ഥർ ഈ മേഖലകളിൽ നേരിട്ടെത്തിയാണ് നിയമനപ്രക്രിയ നടത്തിയത്. തൽഫലമായി നിലമ്പൂരിലെ പ്രാക്തന ഗോത്രവിഭാഗങ്ങളിൽ പെട്ട 26 പേർക്കും അട്ടപ്പാടിയിൽ നിന്നുള്ള 45 പേർക്കും വയനാടിൽ നിന്നുള്ള 152 പേർക്കും ജോലി നൽകാനായി. പ്രത്യേക റിക്രൂട്മെന്റ് വഴി തയ്യാറാക്കിയ റാങ്ക്ലിസ്റ്റിൽ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗാർത്ഥികളും ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും സിപിഎം .

ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ നിയമനം സുഗമമാക്കാനായി പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നീ മാനദണ്ഡങ്ങളിൽ ഇളവുകൾ കൊടുക്കുന്നുണ്ട്. ഫോറസ്റ് ബീറ്റ് ഓഫീസർ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്ന 500 ആദിവാസി യുവതിയുവാക്കളെ അവരവരുടെ ജില്ലകളിൽ തന്നെയായിരിക്കും നിയമിക്കുന്നത്. ആദിവാസി സമൂഹത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം ശ്രമങ്ങൾ വഴി അവരുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കാനാകുമെന്നും പ്രസ്താവന പറയുന്നു..