ലാവലിന്‍ കേസ്‌ പരിഗണിക്കും;പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ സി.ബി.ഐയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും

single-img
20 September 2022

തിരുവനന്തപുരം: എസ്‌എന്‍സി ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും

ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകള്‍ പരിഗണിക്കുക. എന്നാല്‍ ഭരണഘടന ബഞ്ചിലെ വാദം പൂര്‍ത്തിയായാലേ ലാവലിന്‍ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ പല തവണ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് പ്രതിപക്ഷമടക്കം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നത്. 2017ലാണ് ലാവലിന്‍ കേസ് സുപ്രിം കോടതിയില്‍ എത്തുന്നത്. ഈ കാലഘട്ടത്തിനിടെ ഏകദേശം 30ലേറെ തവണ കേസ് മാറ്റിവച്ചിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ തന്നെ ഒരു കേസ് ഇത്രയധികം തവണ മാറ്റിവെക്കുന്നത് ആദ്യമായിരിക്കും.

പ്രധാന രാഷ്ട്രീയ നേതാക്കള്‍ പ്രതിയാക്കുന്ന കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സുപ്രിം കോടതി തന്നെ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ലാവലിന്‍ കേസിനെ ഇത് ബാധിച്ചിരുന്നില്ല. 1995ല്‍ ഉണ്ടായ കേസിന്റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.