കെ എസ് ആര്‍ ടി സിയില്‍ സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി

single-img
6 May 2023

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. ശമ്ബള വിതരണവും പെന്‍ഷന്‍ വിതരണവും മാനേജ്മെന്‍റിന്‍റെ കടുത്ത നിലപാടുകളിലുമുള്ള പ്രതിഷേധവുമായി സംയുക്ത തൊഴിലാളി യൂണിയന്‍ കെ എസ് ആര്‍ ടി സി ചീഫ് ഓഫീസ് ഉപരോധിച്ചു.

കെല്‍ട്രോണ്‍ വഴി കെ എസ് ആര്‍ ടി സിയില്‍ നടപ്പാക്കുന്ന പദ്ധതികളിലും അന്വേഷണം നടത്തണമെന്ന് ടി ഡി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി അജയ കുമാര്‍ ആവശ്യപ്പെട്ടു. അഴിമതിയും ധൂര്‍ത്തും നടത്തിയ ശേഷം സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയാണ് കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് ശമ്ബളം നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ എസ് ആര്‍ ടി സി മാനേജുമെന്‍റിനെ നിലക്കു നിര്‍ത്താന്‍ ഇവിടെ ഒരു സംവിധാനമില്ലെന്നാണ് സി ഐ ടി യു നേതാവ് എസ് വിനോദ് ചൂണ്ടികാട്ടിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം മാനേജ്മെന്‍റ് നടപ്പാക്കുന്നില്ല. ഗതാഗതമന്ത്രിക്ക് കത്ത് നല്‍കിയിട്ടും കാര്യമില്ല. ചില താല്‍പര്യ സംരക്ഷണമാണ് മന്ത്രിയും മാനേജുമെന്‍റും ചെയ്യുന്നത് എന്നും അദ്ദേഹം തുറന്നടിച്ചു. സ്വിഫിറ്റിന്‍റെ പ്രവര്‍ത്തനം പുനര്‍ വിചിന്തനം ചെയ്യണമെന്നും ആവശ്യപ്പെട്ട സി ഐ ടി യു നേതാവ് എസ് വിനോദ്, തരംകിട്ടുമ്ബോള്‍ യൂണിയനുകളെ ആക്ഷേപിക്കുകയാണ് മാനേജ്മെന്‍റ് ചെയ്യുന്നതെന്നും വിമര്‍ശിച്ചു.

അതേസമയം തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ഗതാഗത മന്ത്രി ആന്‍റണി രാജുവും രംഗത്തെത്തി. പ്രതിഷേധിക്കുന്നതിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. കെ എസ് ആര്‍ ടി സിയില്‍ പകുതി ശമ്ബളം നല്‍കിയെന്നും മുഴുവന്‍ ശമ്ബളം വേണമെങ്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകള്‍ക്ക് തൊഴിലാളികളോടുള്ള ഉത്തരവാദിത്തം കാണിക്കണം എന്ന ആവശ്യം ന്യായമാണ്. എന്നാല്‍ എല്ലാവരും സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുക്കണം. പലതവണയായി റെയില്‍വേ സമാനമായ രീതിയില്‍ ശമ്ബളം പകുതിയായി നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയ മന്ത്രി, അങ്ങനെയെങ്കില്‍ ബി എം എസിന് സമരം ചെയ്യാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളതെന്നും ചോദിച്ചു.