വയറിനുള്ളില്‍ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ച് വര്‍ഷം ജീവിക്കേണ്ടി വന്ന സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്

single-img
18 January 2023

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ച് വര്‍ഷം ജീവിക്കേണ്ടി വന്ന സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നടത്തിയ സിറ്റിംഗിലാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചത്.

അതേസമയം, വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാസ‍‍ര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിമിതികളേറെയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോ‍ര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജ് ആക്കി മാറ്റിയതാണ്. അവിടെ ഇപ്പോഴും ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ട‍ര്‍മാര്‍ ഉണ്ട്. കൂടുതല്‍ ഡോക്ട‍ര്‍മാരെ നിയമിക്കേണ്ടതുണ്ട്. അതിനായി തസ്തികകള്‍ സൃഷ്ടിക്കണം. എന്നാല്‍ കാത്ത് ലാബ് അടക്കം സജ്ജീകരിച്ച്‌ വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കാസ‍ര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം നിലച്ച അവസ്ഥയായിരുന്നു. കരാറുകാരന് പണം കൊടുക്കാനുണ്ടായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പണം കൊടുക്കാത്ത അവസ്ഥ ഉണ്ടായത്. ഇപ്പോള്‍ മൂന്നര കോടി രൂപ കൊടുക്കാനുള്ള നടപടി പൂര്‍ത്തിയായി. ടെണ്ട‍‍ര്‍ നടപടികളും തുടങ്ങി. മാത്രവുമല്ല കിഫ്ബിയില്‍ നിന്ന് 160 കോടി രൂപ ആശുപത്രി നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്ള ജില്ലയില്‍ നേരത്തെ ഒരു ന്യൂറോളജിസ്റ്റ് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആരോഗ്യ വകുപ്പില്‍ നിന്ന് രണ്ട് പേരെ നിയമിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ന്യൂറോളജിസ്റ്റിനെ വര്‍ക്കിങ് അറേഞ്ച്മെന്റിലും അവിടെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോ‍ര്‍ജ് അറിയിച്ചിരുന്നു.