ന്യൂയോര്‍ക്കില്‍ മുഖ്യമന്ത്രിയുടെ പോസ്റ്ററൊരുക്കിയത് കോട്ടയംകാരന്‍

single-img
13 June 2023

ന്യൂയോർക്കിൽ മുഖ്യമന്ത്രി പങ്കെടുത്ത ലോകകേരള സഭയുടെ പൊതുസമ്മേളനത്തില്‍ ടൈം സ്ക്വയറില്‍ സ്വാഗതമര്‍പ്പിച്ച് മലയാളത്തില്‍ എ‍ഴുതിയ പോസ്റ്ററുകളൊരുക്കിയത് കോട്ടയംകാരന്‍ ജേക്കബ് റോയി. അദ്ദേഹത്തിനൊപ്പം സഹായത്തിന് സഹോദരങ്ങളുമുണ്ട്. ‘ന്യൂയോര്‍ക്ക് സല്യൂട്ട് ദി ക്യാപ്ടന്‍ ഓഫ് കേരള, മലയാളികളുടെ ജനനായകന് ന്യൂയോര്‍ക്കിലേക്ക് സ്വാഗതം’ എന്നായിരുന്നു മലയാളത്തിലും ഇംഗ്ലീഷിലുമായി പോസ്റ്ററില്‍ എ‍ഴുതിയിരുന്നത്.

ചുവന്ന നിറത്തിന്റെ പശ്ചാത്തലത്തില്‍ വെള്ള നിറത്തിലെ‍ഴുതിയ വരികളും മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററിനെ ആകര്‍ഷകമാക്കി. ഈ പോസ്റ്ററുകൾ മലയാളികളുടെ മാത്രമല്ല ടൈം സ്ക്വയറിലെത്തിയ വിദേശികളുടെയും ശ്രദ്ധ പിടിച്ചുപറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നത് പ്രമാണിച്ച് നാട്ടിൽ നിന്ന് ദിവങ്ങൾക്കുമുമ്പേ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു.

സമ്മേളനത്തിന് മുമ്പായി ന്യൂയോർക്കില്‍ പ്രിന്‍റെടുത്ത് പോസ്റ്റര്‍ റെഡിയാക്കി. ടൈം സ്ക്വയറില്‍ ആദ്യം എത്തിയതും ഇവര്‍ തന്നെ. ജേക്കബ് റോയിയും കൊച്ചുമകനും സഹോദരങ്ങളായ ജോബും സുരേഷും പോസ്റ്ററുയര്‍ത്തി നില്‍ക്കുന്നതും ആളുകള്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.ഇവരുടെ മുദ്രാവാക്യം വിളികള്‍ ടൈം സ്ക്വയറില്‍ ആവേശം പടര്‍ത്തി.

പ്രതിസന്ധി ഘട്ടങ്ങളിൽ ഇടതുപക്ഷത്തെ പിടിച്ചു നിർത്തിയത് പിണറായിയുടെ നിശ്ചയദാര്‍ഢ്യമാണെന്ന് ഈ സഹോദരങ്ങള്‍ അഭിപ്രായപ്പെടുന്നു. പിണറായി വിജയന്‍ പറയുന്നത് നടത്തുമെന്നും നടത്തുന്നതെ പറയു എന്നും ജേക്കബ് റോയ് പറഞ്ഞു. കോട്ടയം നീറിക്കാട് സ്വദേശിയായ റോയിയും സഹോദരങ്ങളും തൊണ്ണൂറുകളിൽ ന്യൂയോർക്കിൽ എത്തിയവരാണ്. കോട്ടയം ബസേലിയസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു റോയ്.