കൊല്ലത്ത് ഇക്കുറി കഥമാറും; മുകേഷ് വെല്ലുവിളിയെന്ന് ചാനൽ സർവേഫലം: പരിഭ്രാന്തിയിൽ യുഡിഎഫ്

single-img
12 April 2024
Kollam Election Mukesh NK Premachandran

കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം മുകേഷ് യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് വെല്ലുവിളിയുയർത്തുന്നതായി ചാനൽ സർവേഫലം. 24 ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച സർവേഫലത്തിൽ 44.8 ശതമാനം പേരാണ് പ്രേമചന്ദ്രൻ വിജയിക്കുമെന്ന് അഭിപ്രായപ്പെടുന്നത്. എന്നാൽ 41.1 ശതമാനവുമായി എൽഡിഎഫിൻ്റെ എം മുകേഷ് തൊട്ടുപിന്നിലുണ്ട്. എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ വിജയിക്കുമെന്ന് 13.2 ശതമാനം പേർ അഭിപ്രായപ്പെടുന്നു. Kollam Election Mukesh

എന്നാൽ 2019-ൽ നടന്ന തെരെഞ്ഞെടുപ്പിൽ 15.37 ശതമാനം വോട്ടുകളുടെ മാർജിൻ ഉണ്ടായിരുന്ന എൻ കെ പ്രേമചന്ദ്രന് ഇത്തവണ പിന്തുണയിൽ 3.7 ശതമാനം മാർജിനേ ഉള്ളൂ എന്നത് യുഡിഎഫ് ക്യാമ്പിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള ചടയമംഗലം, പുനലൂർ അസംബ്ലി മണ്ഡലങ്ങളെ ഒഴിവാക്കി മറ്റ് അഞ്ചുമണ്ഡലങ്ങളെ ഉൾപ്പെടുത്തിയായിരുന്നു 24 ന്യൂസ് ചാനലിൻ്റെ സർവേ. കഴിഞ്ഞ തവണ എൻ കെ പ്രേമചന്ദ്രന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ചവറ, കൊല്ലം, കുണ്ടറ എന്നീ അസംബ്ലി മണ്ഡലങ്ങളിലെ സർവേഫലം ഇത്തരത്തിൽ നേരിയ മാർജിനിലാണെങ്കിൽ ചടയമംഗലത്തും പുനലൂരിലും അദ്ദേഹത്തിൻ്റെ ജനപിന്തുണ കാര്യമായി കുറഞ്ഞിട്ടുണ്ടാകാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

എം മുകേഷിന് ആദ്യഘട്ടത്തിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. മുകേഷിനെ സംബന്ധിച്ച വാർത്തകളിലും മറ്റും നെഗറ്റീവ് കമൻ്റുകൾ നിരവധി ഉണ്ടായിരുന്നു. എന്നാൽ മണ്ഡലത്തിനുള്ളിൽ മുകേഷിനോടുള്ള സമീപനം പൊതുയോഗങ്ങളിലൂടെയും മറ്റും പതുക്കെ മാറിവന്നതായാണ് റിപ്പോർട്ടുകൾ.

കൊല്ലത്തിൻ്റെ ബ്രാൻഡ് അംബാസിഡർ എന്നനിലയിലുള്ള ക്യാമ്പയിനാണ് ഇടത് ക്യാമ്പ് ഉയർത്തുന്നത്. അതോടൊപ്പം മണ്ഡലത്തിലെ വികസനവും എം. എൽ. എ എന്ന നിലയിലുള്ള മുകേഷിൻ്റെ പ്രകടനവും ചർച്ചയാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുകേഷ് തങ്ങൾക്കൊരു എതിരാളിയാകില്ല എന്നതരത്തിൽ വിലകുറച്ച് കണ്ടത് തിരിച്ചടിയായി എന്നാണ് യു ഡി എഫ് വൃത്തങ്ങൾ നൽകുന്ന വിവരം.

നരേന്ദ്ര മോദിയ്ക്കൊപ്പമുള്ള വിരുന്ന് എൻ കെ പ്രേമചന്ദ്രൻ്റെ വോട്ടുബാങ്കിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് മണ്ഡലത്തിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. മതേതര-ന്യൂനപക്ഷ വോട്ടുകളും നായർ സമുദായത്തിൻ്റെ വോട്ടുകളും കൺസോളിഡേറ്റ് ചെയ്യുന്ന രസതന്ത്രമായിരുന്നു എൻ കെ പ്രേമചന്ദ്രൻ്റെ വിജയമന്ത്രം. എന്നാൽ ഇത്തവണ മതേതര-ന്യൂനപക്ഷ വോട്ടുകൾ പ്രേമചന്ദ്രന് നഷ്ടപ്പെട്ടേക്കും.

നിലവിൽ പ്രേമചന്ദ്രന് തിരിച്ചടിയായത് ഇവയാണ്:

  • വിരുന്ന് കഴിഞ്ഞയുടൻ നടന്ന പൊതുയോഗത്തിൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചത്.
  • മറ്റൊരു പൊതുയോഗത്തിൽ നിർമല സീതാരാമനാണ് അടുത്ത പ്രധാനമന്ത്രിയാകാൻ യോഗ്യ എന്ന് പറഞ്ഞത്.
  • നായരായതുകൊണ്ടാണ് താനും ശശി തരൂരും അടക്കമുള്ള നേതാക്കൾ ബിജെപിയിൽ പോകുമെന്ന് പറയുന്നത് എന്ന് പറഞ്ഞത്.
  • മീഡിയാവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ  ‘മുസ്ലീം നാമധാരിയായ റിയാസും ഹിന്ദു നാമധാരിയായ ഞാനും’ എന്ന പ്രയോഗം നടത്തിയത്.

24 ന്യൂസ് ചാനലിൻ്റെ സർവേയടക്കമുള്ള കാര്യങ്ങൾ സൂചിപ്പിക്കുന്നത് മണ്ഡലത്തിൽ കടുത്ത ബിജെപി വിരുദ്ധവികാരം ഉണ്ടെന്നാണ്. സിഎഎ തെരെഞ്ഞെടുപ്പിൽ ഒരു പ്രധാനഘടകമാണെന്ന് കരുതുന്നവർ 42.7 ശതമാനം പേരാണ് എന്ന് സർവേ ഫലം പറയുന്നു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഏറിയും കുറഞ്ഞും ഈ ബിജെപി വിരുദ്ധ വികാരവും സിഎഎ വിരുദ്ധ വികാരവും ദൃശ്യമാണ്. പ്രകടന പത്രികയിൽ സിഎഎ പരാമർശവിഷയം പോലുമാക്കാതിരുന്ന കോൺഗ്രസിന് ഇത് തിരിച്ചടിയാകുമെന്നും നിരീക്ഷണങ്ങളുണ്ട്.

തുടക്കത്തിൽ എളുപ്പത്തിൽ ജയിക്കാമെന്ന് കരുതിയ ഒരു തെരെഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥി നടത്തിയ മുന്നേറ്റം യു ഡി എഫ് ക്യാമ്പിനെയാകെ ഞെട്ടിച്ചിട്ടുണ്ട്. മനോരമ ചാനലിൻ്റെ സർവേയും പ്രേമചന്ദ്രൻ്റെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും വോട്ട് കുറയുമെന്ന് തന്നെയാണ് കണക്കുകളിൽ പറയുന്നത്.

Kollam Election Mukesh