കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

single-img
1 October 2022

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ്‌ അന്ത്യം. 70 വയസായിരുന്നു.

2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിഞ്ഞു. തുടര്‍ന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 198082ല്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.199095ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് പതിനേഴാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.