രാസലഹരിമരുന്നുകള്‍ നിര്‍മിക്കാന്‍ കൊച്ചിയില്‍ “കിച്ചന്‍ ലാബുകൾ

single-img
16 September 2022

കൊച്ചി : രാസലഹരിമരുന്നുകള്‍ നിര്‍മിക്കാന്‍ കൊച്ചിയില്‍ “കിച്ചന്‍ ലാബു”കളുണ്ടെന്നു നര്‍കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെയും എക്‌സൈസ്‌ വകുപ്പിന്റെയും റിപ്പോര്‍ട്ട്‌.

ചെറുസംവിധാനങ്ങളുമായി മുറികളില്‍ രാസ (സിന്തറ്റിക്‌)ലഹരിവസ്‌തുക്കള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങളാണു കിച്ചന്‍ ലാബുകള്‍. എല്‍.എസ്‌.ഡി, എം.ഡി.എം.എയ്‌ക്കു തുല്യമായ മെഫ്രിഡ്രോണ്‍ തുടങ്ങിയ മയക്കുമരുന്നുകളാണ്‌ ഇവിടങ്ങളില്‍ നിര്‍മിക്കുന്നത്‌. പൂട്ടിപ്പോയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളും ഇതുസംബന്ധിച്ചു നിരീക്ഷണത്തിലാണെന്നു മംഗളം മുമ്ബ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്‌ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുമ്ബുതന്നെ കിച്ചന്‍ ലാബുകളെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. ബംഗളുരു, ചെന്നൈ, ഹൈദരാബാദ്‌, അഹമ്മദാബാദ്‌ എന്നിവിടങ്ങളില്‍ ഇത്തരം ലാബുകള്‍ എന്‍.സി.ബി. നേരത്തേ കണ്ടെത്തിയിരുന്നു. കാക്കനാട്ടും കിച്ചന്‍ ലാബുണ്ടെന്ന രഹസ്യവിവരം എക്‌സൈസിനു കൈമാറിയവര്‍ പിന്നീട്‌ നിസ്സഹകരിച്ചതോടെ റെയ്‌ഡ്‌ നീക്കം പാളിയിരുന്നു. പുറത്തുനിന്നുവരുന്ന മാരകമയക്കുമരുന്നുകള്‍ മാത്രമല്ല കൊച്ചിയില്‍ വിതരണം ചെയ്യുന്നതെന്ന്‌ എന്‍.സി.ബിക്കും വിവരം ലഭിച്ചിരുന്നു.

കോവിഡ്‌ ലോക്ക്‌ഡൗണ്‍ കാലത്ത്‌ പൂട്ടിപ്പോയ നിരവധി മരുന്ന്‌ കമ്ബനികളില്‍ ചിലത്‌ ലഹരി മാഫിയ ഏറ്റെടുത്ത്‌ രാസലഹരിവസ്‌തുക്കള്‍ നിര്‍മിക്കുന്നതായാണു സൂചന. ഇത്തരം കമ്ബനികളിലെ ഉപകരണങ്ങള്‍ മയക്കുമരുന്ന്‌ നിര്‍മാണത്തിനും ഉപയോഗിക്കാന്‍ കഴിയുമെന്നതാണു കാരണം.
പ്രധാനമായും നൈജീരിയക്കാരാണു രാസലഹരി നിര്‍മാണവിദഗ്‌ധര്‍. ലഹരിക്കടത്ത്‌ പരിശോധന കര്‍ശനമായതോടെയാണ്‌ ഇവ “തദ്ദേശീയമായി” നിര്‍മിക്കാനാരംഭിച്ചത്‌.

അസംസ്‌കൃതവസ്‌തുക്കള്‍ പലയിടത്തുനിന്നു ശേഖരിച്ചശേഷം മയക്കുമരുന്ന്‌ നിര്‍മിക്കുകയാണു ചെയ്യുന്നത്‌. അസംസ്‌കൃതവസ്‌തുക്കള്‍ നിരോധിതമല്ലാത്തതിനാല്‍ കേസെടുക്കാന്‍ തടസമുണ്ട്‌.