എല്ലാ അധ്യാപകർക്കും എഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി വി ശിവൻകുട്ടി

single-img
4 May 2024

മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വി. ശിവൻകുട്ടി.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി.

കേരളത്തിൽ 71 കേന്ദ്രങ്ങളിലായി 1856 അധ്യാപകരാണ് ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്. സെക്കൻഡറിതലം തൊട്ടുള്ള 80,000 അധ്യാപകർക്ക് ഓഗസ്റ്റ് മാസത്തിനുള്ളിൽ പരിശീലനം നൽകിയതിനുശേഷം പ്രൈമറി അധ്യാപകരെക്കൂടി പരിശീലിപ്പിച്ച് 2025 ജനുവരി 1 ഓടെ മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പ്രസ്താവിച്ചു.

മണക്കാട് ഗേൾസ് സ്‌കൂളിലെ പരിശീലന കേന്ദ്രം മന്ത്രി സന്ദർശിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സംസാരിച്ചു.സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എൻജിനിയറിംഗ്, പ്രസന്റേഷനുകൾ, അനിമേഷനുകൾ തുടങ്ങിയവയുടെ നിർമ്മാണം, ഇവാല്യുവേഷൻ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൈറ്റിന്റെ മൊഡ്യൂൾ ഉപയോഗിച്ച് അധ്യാപകർ പരിശീലനം നേടുന്നത്.

ഉത്തരവാദിത്വത്തോടെയുള്ള നിർമിതബുദ്ധി ഉപയോഗം, ഡീപ്‌ഫേക്ക് തിരിച്ചറിയൽ, അൽഗൊരിതം പക്ഷപാതിത്വം, സ്വകാര്യതാ പ്രശ്‌നങ്ങൾ തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമായി അധ്യാപകർ പരിചയപ്പെടുന്നുണ്ട്. അധ്യാപകർ ലാപ്‌ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ച് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളായാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. മെയ് മാസത്തിൽ കൂടുതലും ഹയർസെക്കൻഡറി അധ്യാപകർക്കായിരിക്കും പരിശീലനം.