കേരളാ സ്റ്റോറി 2 ‘ഇരകളായി’ വേദിയിൽ എത്തിച്ചത് 37 ഉത്തരേന്ത്യൻ സ്ത്രീകളെ; ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അണിയറപ്രവർത്തകർ

‘ലവ് ജിഹാദ്’ ഇരകളെന്ന് അവകാശപ്പെട്ട് 37 സ്ത്രീകളെ പങ്കെടുപ്പിച്ച് ‘കേരള സ്റ്റോറി 2’വിന്റെ പ്രൊമോഷൻ പരിപാടി. കേരളത്തിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനം നടക്കുന്നു എന്നാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ അവകാശവാദം.
എന്നാൽ, പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത ‘ഇരകളിൽ’ മലയാളികൾ ഉണ്ടായിരുന്നില്ല. വേദിയിൽ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യക്കാരെയാണ്. പിന്നെന്തിനാണ് സിനിമയ്ക്ക് ‘കേരള സ്റ്റോറി’ എന്ന പേരിട്ടതെന്ന് മാധ്യമപ്രവർത്തകരിൽ നിന്ന് ചോദ്യം ഉയർന്നതോടെ അണിയറപ്രവർത്തകർ കുഴങ്ങി.
‘കേരള സ്‌റ്റോറി 2’ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ്, നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ, നടിമാരായ അതിദി ഭാട്ടിയ, ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ തുടങ്ങിയവരാണ് പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇവർ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മറുപടി നൽകാൻ തയ്യാറായി.
സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നതിനാലാണ് ‘കേരള സ്റ്റോറി’ എന്ന പേരിട്ടത് എന്നായിരുന്നു ഇവരുടെ ന്യായീകരണം. ‘ലവ് ജിഹാദ്’ കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിക്കുകയായിരുന്നു എന്നാണ് സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് പറഞ്ഞത്. കേരളത്തിൽ നിന്നുള്ള ‘ഇരകളുടെ’ വീഡിയോ യൂട്യൂബിലുണ്ടെന്നായിരുന്നു നിർമാതാവിന്റെ മറുപടി.


