24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ

single-img
7 December 2022

സംസ്ഥാനത്തിന്റെ സാമ്പത്തിക വിഹിതം വെട്ടിച്ചുരുക്കി കഴുത്തുഞെരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യോജിച്ച ശബ്ദമാണ് ഉയരേണ്ടത് എന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ . കേന്ദ്ര നടപടിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുകയാണ്‌ പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ധനമന്ത്രി വിളിച്ചു ചേർക്കുന്ന ധനമന്ത്രിമാരുടെ യോഗത്തിൽ, ഗ്രാന്റ് വെട്ടിച്ചുരുക്കിയതിനെതിരെ മറ്റിടങ്ങളിൽനിന്ന്‌ വിമർശമുയരാറുണ്ട്‌. എന്നാൽ, കേരളത്തിലെ പ്രതിപക്ഷം പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

1971ൽ കേരളീയന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയേക്കാൾ താഴെയായിരുന്നു. ഇന്ന് ഇരട്ടിയാണ്. റവന്യു വരുമാനം കഴിഞ്ഞ വർഷം 36,032 കോടിയായിരുന്നത്‌ ഇക്കൊല്ലം 46,208 കോടിയായി. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അനാവശ്യച്ചെലവുകൾ ഒഴിവാക്കിയും സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.