രാജ്യത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്

single-img
23 August 2023

രാജ്യത്ത് ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനം എന്ന നേട്ടം ഇനി കേരളത്തിന്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് ഈ പട്ടികയിൽ കേരളം ആദ്യമെത്തിയത്. മികച്ച താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണൽ ഡേറ്റാബേസ് ഫോർ അക്കോമഡേഷൻ യൂണിറ്റ് കണക്കുകൾ അനുസരിച്ചാണ് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ കാര്യത്തിൽ കേരളം ഒന്നാമതെത്തിയത്.

ടൂറിസം രംഗത്ത് അടിസ്ഥാനപരമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ് അറിയിച്ചു. സ്വകാര്യ മേഖലയും കേരള ടൂറിസത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്.

ഈ കാരണങ്ങളാൽ കേരളത്തിലേക്കുള്ള ദേശീയ, രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ടെന്നും പി ബി നൂഹ് പറയുന്നു.റാങ്കിങ്ങ് അനുസരിച്ച്‌ മഹാരാഷ്ട്രയിൽ 35 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആണ് ഉള്ളത്. ഗോവയിൽ ഇത് 32 ആണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 27 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ളതായും കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാർ കണക്കുകൾ പ്രകാരം കേരളത്തിൽ 45 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആണ് ഉള്ളത്.