മിത്ത് വിവാദത്തില്‍ ഷംസീറിനെതിരെ കേരള പൊലീസ് നടപടി സ്വീകരിച്ചില്ല; സുപ്രീംകോടതിയിൽ ഹർജി

single-img
16 September 2023

ഗണപതി പരാമർശവുമായി ബന്ധപ്പെട്ട മിത്ത് വിവാദത്തില്‍ സുപ്രീംകോടതിയിൽ ഹർജി. സ്പീക്കർ ഷംസീറിനെതിരെ കേരള പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി എത്തിയത്. സനാതന ധർമ്മ വിവാദത്തിൽ ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയിൽ തമിഴ്നാട് പൊലീസിനെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെടുന്നുണ്ട്.

സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ഹർജിയിൽ പറയുന്നു. വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് ഹർജി. പികെഡി നമ്പ്യാരാണ് ഹർജി നൽകി. കഴിഞ്ഞ ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഷംസീര്‍ പറഞ്ഞത്.

ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറ‌ഞ്ഞിരുന്നു.