കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തില്‍ നിര്‍ണ്ണായക വിധിയുമായി കേരള ഹൈക്കോടതി

single-img
4 January 2023

കൊച്ചി: കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തില്‍ നിര്‍ണ്ണായക വിധിയുമായി കേരള ഹൈക്കോടതി. അന്‍പത് വയസ് കഴിഞ്ഞ സത്രീകള്‍ക്കും 55വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി ഉത്തരവ്.

കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവര്‍ക്ക് ചികിത്സ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി

കൃത്രിമ ഗര്‍ഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ടി ബില്‍ 2021 അവസാനമാണ് പാര്‍ലമെന്‍റ് പാസാക്കിയത്. ഇത് നിയമമായതോടെ പ്രതിസന്ധിയിലായത് പ്രായമേറിയ ദമ്ബതികളാണ്. 50വയസ് തികഞ്ഞ സ്ത്രീകള്‍ക്കും 55 വയസ് തികഞ്ഞ പുരുഷന്‍മാര്‍ക്കും ഇതിലെ 21ജി ചട്ടം ചികിത്സാ അവകാശങ്ങള്‍ നിഷേധിക്കുന്നു. നിയമം പ്രാബല്യത്തില്‍ വന്ന സമയം ചികിത്സ നടത്തുന്നവര്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമായി. ഇതിനെതിരെ 30 ദമ്ബതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ 28 ഹര്‍ജികള്‍ ഒരുമിച്ച്‌ പരിഗണിച്ചാണ് ജസ്റ്റിസ് വിജി അരുണിന്‍റെ വിധി. നിയമം പ്രാബല്യത്തിലായ ജനുവരി മാസം ചികിത്സയിലുണ്ടായിരുന്നവര്‍ക്കാണ് ഇളവ്.

പുതുതായി ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന പ്രായപരിധി പിന്നിട്ടവര്‍ക്ക് വേണ്ടിയും ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇടപെട്ടു. ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച്‌ പുനപരിശോധന നടത്തുന്നതിനായി നാഷണല്‍ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ആന്‍റ് സറോഗസി ബോര്‍ഡ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കണം. ഇതിലെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞിന് പ്രായപൂ‍ര്‍ത്തിയാകുമ്ബോള്‍ മാതാപിതാക്കളുടെ പ്രായം കൂടി കണക്കുകൂട്ടിയാണ് സ്ത്രീകള്‍ക്ക് 50ഉം പുരുഷന്‍മാര്‍ക്ക് 55മായി പ്രായപരിധി ചുരുക്കിയത്. എന്നാല്‍ 48വയസായ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന് 55ആയെങ്കിലോ 53വയസുള്ള പുരുഷന് ഭാര്യക്ക് 50 ആയെങ്കിലോ പോലും ചികിത്സ നിഷേധിക്കപ്പെടുന്നതിനും ഈ ചട്ടങ്ങള്‍ കാരണമായി. ഹൈക്കോടതി ഇടപെടലില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടാണ് ഇനി പ്രധാനം.