കായല്‍ സംരക്ഷണത്തില്‍ വീഴ്ച; കേരളത്തിന് പത്ത് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍

26 March 2023

വേമ്പനാട്, അഷ്ടമുടി കായലുകളുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് കേരളത്തിന് പത്ത് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍. ട്രിബ്യൂണല്‍ ചെയര്‍മാന്‍ ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് സുധിര്‍ അഗര്‍വാൾ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ഇരു കായലുകളുടെയും മലിനീകരണം തടയുന്നതിനായി നടപടി എടുക്കാതിരുന്നതിനാണ് പിഴ. കേരളത്തിൽ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകനായ കെവി ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് ഗ്രീന്‍ ട്രിബ്യൂണല്‍ പിഴ വിധിച്ചത്. ഇരു കായലുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിന്റെ അഞ്ചിരട്ടിയില്‍ അധികമാണെന്ന് കണ്ടെത്തിയിരുന്നു.
വിധി പ്രകാരം പിഴതുക ഒരു മാസത്തിനുള്ളില്‍ നല്‍കുകയും ശുചീകരണത്തിനുള്ള കര്‍മ പരിപാടി ആരംഭിക്കുകയും വേണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ അറിയിച്ചു.