കേരളത്തിൽനിന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ച് സീറ്റുകൾ നേടും: പ്രകാശ് ജാവദേക്കർ

single-img
4 February 2023

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ഇത്തവണ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടുമെന്നും ജാവദേക്കർ കൊച്ചിയിൽ പറഞ്ഞു. സംസ്ഥാനത്തെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ജാവദേക്കർ കുറ്റപ്പെടുത്തി.

തന്റെ സംഭാഷണത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച ജാവദേക്കർ, സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നും വിമർശിച്ചു. അതേസമയം, കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിമർശിച്ചു.

കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ പെട്രോൾ ഡീസൽ വില 6 രൂപ വരെ കുറവാണ്. ജനങ്ങൾക്ക് ഉപകാരപ്രദമായ സെസ് എന്നാണ് സിപിഎം ന്യായീകരിക്കുന്നത്. കൊള്ളക്കാരുടെ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചുവെന്നാണ് കള്ള പ്രചാരണം. എന്നാൽ കേന്ദ്രം കേരളത്തിന്‌ വാരിക്കോരിയാണ് തരുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.