വിഴിഞ്ഞം തുറമുഖ സമരത്തിന് കെസിബിസിയുടെ പിന്തുണ

single-img
10 September 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് കെസിബിസി പിന്തുണ പ്രഖ്യാപിച്ചു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് നിലവിൽ മത്സ്യ തൊഴിലാളികൾ സമരം നടത്തുന്നത്.

ഇതിന്റെ ഭാഗമായി സെ‌പ്റ്റംബർ 14ന് മൂലമ്പള്ളിയിൽനിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്നു രൂപതകളോടു കെസിബിസി അധ്യക്ഷനും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്‌തു. 18ന് ബഹുജന മാർച്ച് വിഴിഞ്ഞത്തെത്തും.

അതേസമയം, വിഴിഞ്ഞത്ത് തുറമുഖ ഉപരോധ സമരം ഇന്ന് ഇരുപത്തിയാറാം ദിനത്തിലേക്ക് കടന്നു. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്‍റ് സേവ്യേഴ്സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാണ്. സമരത്തിന്റെ ഭാഗമായി ഇന്ന് കൊച്ചി, ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളത്ത് ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും. വൈകിട്ട് നാലിന് ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തുറമുഖ തീർത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യചങ്ങല തീർക്കുക.