മുഖ്യമന്ത്രി മത്സരത്തിൽ കെസി വേണുഗോപാലും?; സംസ്ഥാനത്ത് സജീവ ഇടപെടലുകൾ ശക്തമാക്കി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെ കെ.സി. വേണുഗോപാൽ നടത്തുന്ന സാമൂഹികവും സംഘടനാതലത്തിലുള്ള ഇടപെടലുകളും അദ്ദേഹത്തെ മുഖ്യമന്ത്രി മത്സരത്തിലെ പ്രധാന സാധ്യതയായി ഉയർത്തിക്കാട്ടുന്നതായാണ് രാഷ്ട്രീയ നിരീക്ഷണം.
കേരളത്തിലെ വിവിധ ജില്ലകളിൽ സജീവ സാന്നിധ്യമറിയിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിലൂടെ വേണുഗോപാൽ ശ്രദ്ധേയനാകുന്നു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനോടൊപ്പം, ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹാരത്തിനായി ഇടപെടലുകൾ നടത്തുന്നതും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയിലെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.
കാസർഗോഡ്, തൃശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഡിസിസി നേതൃയോഗങ്ങളിൽ പങ്കെടുത്ത് സംഘടനാ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവ പങ്കാളിത്തം ലക്ഷ്യമിട്ടുള്ള നീക്കമായാണ് ഇത് കാണപ്പെടുന്നത്.
ജനസമ്പർക്കം പ്രകടനപത്രികയ്ക്ക് കരുത്താകുമോ?
ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ വേണുഗോപാൽ, എറണാകുളത്തെ രാജഗിരി കോളേജിൽ സ്റ്റാർട്ടപ്പ് സംരംഭകരുമായി സംവദിച്ചു. പാലക്കാട് ജില്ലയിൽ നെൽ കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. ആലപ്പുഴയിൽ യുവകർഷകരുമായി കർഷിക മേഖലയുടെ സാധ്യതകൾ ചർച്ച ചെയ്തു.
വിലക്കയറ്റം ബാധിച്ച കുടുംബബജറ്റിനെക്കുറിച്ച് മത്സ്യതൊഴിലാളി വീട്ടമ്മമാരുമായി ആശയവിനിമയം നടത്തി. തലസ്ഥാനത്ത് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് മേഖലയിലെ 50-ലധികം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഗിഗ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി ക്ഷേമനിധി ബോർഡ് രൂപീകരണത്തിന്റെ പ്രാധാന്യവും പങ്കുവെച്ചു.
വിവിധ മേഖലകളിലെ ജനങ്ങളുമായി നടത്തിയ ഇത്തരം സംവാദങ്ങൾ യുഡിഎഫിന്റെ പ്രകടനപത്രിക രൂപീകരണത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലാണ് മുന്നോട്ടുവയ്ക്കുന്നത്.
ദേശീയതലത്തിൽ കരുത്ത് തെളിയിച്ച നേതാവ്
ദേശീയ നേതൃത്വത്തിൽ നിർണ്ണായക പങ്കുവഹിച്ച് പാർലമെന്റിൽ കോൺഗ്രസിന്റെ അംഗസംഖ്യ 100 കടക്കാനും ഇന്ത്യ സഖ്യത്തിന്റെ അംഗബലം 238 ആയി ഉയരാനും ഇടയാക്കിയ നേതാവെന്ന നിലയിലും വേണുഗോപാൽ ശ്രദ്ധേയനാണ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ അച്ചടക്കത്തോടെ നിർവഹിച്ച നേതാവായ അദ്ദേഹം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴ പിടിച്ചെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുന്ന മറ്റു നേതാക്കളെക്കാൾ ദേശീയതലത്തിൽ പാർട്ടിക്കായി പ്രവർത്തിക്കുന്ന നേതാവെന്ന തിരിച്ചറിയലും വേണുഗോപാലിന് കരുത്താകുന്നു. ഹൈക്കമാൻഡിന്റെ വിശ്വാസവും പിന്തുണയും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിർണ്ണായക ഘടകമാണെന്ന് രാഷ്ട്രീയ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. ഉദാഹരണമായി രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട്, കര്‍ണാടകയിലെ സിദ്ധരാമയ്യ എന്നിവരുടെ ഉയർച്ച ചൂണ്ടിക്കാണിക്കപ്പെടുന്നു.
പരിഹാസങ്ങൾക്ക് മറുപടി
സിപിഎം നേതാക്കൾ നടത്തുന്ന പരിഹാസങ്ങൾക്ക് പ്രതികരിച്ച്, മുമ്പ് എം.എം. ബേബി ഗൃഹസന്ദർശനത്തിനിടെ നടത്തിയ പ്രവർത്തനങ്ങളിൽ മൗനം പാലിച്ചവരാണ് ഇപ്പോൾ വിമർശനവുമായി രംഗത്തെത്തുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരിപാടികളുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതിനിടെ പി.എസ്.സി റാങ്ക് ഹോൾഡേഴ്സുമായും യുവജനങ്ങളുമായും കൂടിക്കാഴ്ചകൾ സംഘടിപ്പിക്കാൻ വേണുഗോപാൽ പദ്ധതിയിടുന്നുണ്ട്. കേരളത്തിൽ നിന്നുള്ള യുവജനങ്ങളുടെ വിദേശ കുടിയേറ്റത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള വികസന-ക്ഷേമ നയങ്ങൾ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.


