കരുവന്നൂർ: ക്രമക്കേട് കാണിച്ച ആരെയെങ്കിലും സംരക്ഷിക്കുക എന്ന നിലപാട് സിപിഎമ്മിനില്ല: എ വിജയരാഘവൻ

single-img
29 September 2023

വലിയൊരു ക്രമക്കേടാണ് കരുവന്നൂർ സഹകരണ ബാങ്കിൽ ഉണ്ടായതെന്നും അതിനെ ന്യായീകരിക്കാനാകില്ലെന്നും സിപി എം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. ക്രമക്കേട് കാണിച്ച ആരെയെങ്കിലും സംരക്ഷിക്കുക എന്ന നിലപാട് സിപി എമ്മിനില്ലെന്നും ഒരിക്കലും അത്തരമൊരു നിലപാട് സ്വീകരിക്കില്ലെന്നും സ്ഥാപനത്തെ സംരക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ടർ ചാലിലെ പരിപാടിയിൽ സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ ”കേരളത്തിൽ അയ്യായിരക്കണക്കിന് സഹകരണ ബാങ്കുകളുണ്ട്. അതിൽ 272 ബാങ്കുകളിലാണ് ക്രമക്കേട് കണ്ടുപിടിച്ചിട്ടുള്ളത്. അതിൽ 202 ബാങ്കുകൾ യുഡിഎഫ് നിയന്ത്രണത്തിലുള്ളതാണ്. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ ക്രമക്കേടുകൾ ഉണ്ടായാൽ സ്വാഭാവികമായും നടപടിയെടുക്കണം. വലിയൊരു ക്രമക്കേടാണ് കരുവന്നൂർ ബാങ്കിൽ ഉണ്ടായത്. അതിനെ ന്യായീകരിക്കാനാകില്ല.

ക്രമക്കേട് കാണിച്ച ആരെയെങ്കിലും സംരക്ഷിക്കുക എന്ന നിലപാട് സിപിഐഎമ്മിനില്ല. ഒരിക്കലും അത്തരമൊരു നിലപാട് സ്വീകരിയ്ക്കുകയുമില്ല. സ്ഥാപനത്തെ സംരക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ആരുടെയും പണം പോകില്ലെന്നും ബാങ്കിനെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. സിപിഐഎമ്മിനെ കേരളത്തിൽ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയം കേരളത്തിൽ മൂന്നാളുകൾ ചെയ്യുന്നുണ്ട്.

ആദ്യത്തേത് കേരളത്തിലെ യുഡിഎഫ്, മറ്റൊന്ന് കേരളത്തിലെ സ്ഥാപിത താല്പര്യങ്ങൾ, മൂന്നാമത്തേത് കേരളത്തിലെ ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരുമാണ്. ഇവർക്കൊരു അജണ്ടയുണ്ടാകും. അതിന് അവർക്കൊരു സഹയാത്രികനെ കിട്ടിയിട്ടിട്ടുണ്ട് അതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ നാലുകൂട്ടരും ഉണ്ടാക്കിയിരിക്കുന്ന ഒരു തിരക്കഥയാണ് ഇവിടെ നടക്കുന്നത്”, അദ്ദേഹം പറഞ്ഞു.

ഇൻഡ്യ രാഷ്ട്രീയ സഖ്യത്തിന്‍റെ ഭാഗമായി നിൽക്കുകയാണ് സിപിഎമ്മെന്നും വിജയരാഘവൻ വ്യക്തമാക്കി. സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നത് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്നതാണ്. നമ്മുടെ ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും പൗര സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഉൾപ്പടെ തകർക്കുന്ന തരത്തിലാണ് ബിജെപിയുടെ ഭരണ നിർവഹണം മുന്നോട്ട് പോകുന്നതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.