പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെ; രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളി കണ്ണൂര്‍ വി സി

single-img
23 October 2022

നാളെ രാവിലെ 11.30 നുള്ളിൽ രാജി വെയ്ക്കണമെന്ന ഗവർണറുടെ നിർദേശം തള്ളി കണ്ണൂര്‍ സർവകലാശാലാ വി സി ഗോപിനാഥ് രവീന്ദ്രന്‍. തന്നെ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

സാമ്പത്തിക ക്രമക്കേട്, അല്ലെങ്കിൽ സ്വഭാവ ദൂഷ്യം കൊണ്ടോ മാത്രമെ ചാന്‍സലര്‍ക്ക് ഒരു സർവകലാശാലാ വിസിയെ പുറത്താക്കാന്‍ അധികാരമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തികച്ചും അസാധാരണമായ ഒരു നടപടിയാണ് വി സിമാരോട് കൂട്ട രാജി ആവശ്യപ്പെടുകയെന്നത്. നിലവിൽ തന്റെ കേസ് കോടതിയിലുണ്ട്. കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു നടപടിയിലേക്ക് പോകാനാകുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ ഒന്‍പത് വിസിമാരോട് നാളെ രാജിവെക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കണ്ണൂര്‍, കേരള, എംജി, കാലിക്കറ്റ്, ഫിഷറീസ്, മലയാളം, കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കാലടി സംസ്കൃത സര്‍വകലാശാല, , കുസാറ്റ് സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്.