കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചട്ടപ്രകാരമെന്ന് സര്‍ക്കാര്‍, അല്ലെന്ന് ഗവര്‍ണര്‍

single-img
18 April 2023

ദില്ലി: കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍.

സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം കണ്ണൂര്‍ സര്‍വകലാശാലയുടെ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതില്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചട്ടപ്രകാരമല്ലെന്നാണ് വാദിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് പുനര്‍നിയമനം നല്‍കിയതിലൂടെ സര്‍വകലാശാല ചാന്‍സലറുടെ അധികാരം കവര്‍ന്നെന്ന വാദം തെറ്റാണെന്ന് സര്‍ക്കാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച നിലപാടിന് കിട്ടിയ പ്രതിഫലമെന്ന വാദം തെറ്റാണ്. പുനര്‍നിയമനത്തിനുള്ള എല്ലാ അര്‍ഹതയും ഗോപിനാഥ് രവീന്ദ്രനുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം യുജിസി ചട്ടങ്ങള്‍ പ്രകാരമല്ല വി സി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നത്.

തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി ഗോപിനാഥ് രവീന്ദ്രന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സിലറായി നിയമിച്ചത്. പുനര്‍ നിയമനത്തിന് വീണ്ടും അതേ നടപടികള്‍ പാലിക്കേണ്ടതില്ല. പ്രായപരിധി പുനര്‍ നിയമനത്തിന് ബാധകമല്ല. ഒരു തവണ വിസിയായതിനാല്‍ തനിക്ക് പുനര്‍ നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ.ഗോപിനാഥ് രവീന്ദ്രന്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. ഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് വേണ്ടി അഭിഭാഷകന്‍ വെങ്കിട്ട് സുബ്രഹ്മണ്യം വക്കാലത്ത് സമര്‍പ്പിച്ചു.