കോളിളക്കം സൃഷ്ടിച്ച കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ആരോപണ വിധേയയായ അമ്മ നിരപരാധി; മകന്‍റെ ഹര്‍ജി തള്ളി കോടതി

single-img
3 September 2022

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ആരോപണ വിധേയയായ അമ്മ നിരപരാധിയാണെന്ന വിധിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കോടതി.

കേസില്‍ അമ്മ നിരപരാധിയാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മകന് തിരിച്ചടി നേരിടുമ്ബോള്‍ നീതി ലഭിക്കുന്നത് അമ്മയ്ക്കാണ്. അമ്മയ്‌ക്കെതിരായ മകന്‍റെ ഹര്‍ജി ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇന്നലെ തള്ളിയത്.

ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടും അമ്മയുടെ ജാമ്യവും റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അമ്മയ്ക്ക് എതിരായ മൊഴി ആരുടെയും പ്രേരണ കൊണ്ടല്ലെന്നും, പിതാവ് അമ്മയ്ക്ക് എതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും മകന്‍റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങള്‍ ഇപ്പോള്‍ സുപ്രീം കോടതിയും തള്ളിയതോടെ, കടയ്ക്കാവൂര്‍ അമ്മയ്ക്ക് നീതി കിട്ടിയെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു.

അമ്മ 10 വയസ്സ് മുതല്‍ സ്വന്തം മകനെ പീഡിപ്പിച്ചു എന്ന കേസ് ഫാബ്രിക്കേറ്റഡ് തന്നെയാണ് എന്ന് കേസിന്റെ തുടക്കം തന്നെ വാദിച്ചവര്‍ ഉണ്ടായിരുന്നു. ഒരമ്മയ്ക്ക് തന്റെ മകനോട് ഒരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് വാദിച്ച പക്ഷക്കാര്‍ക്ക് കൂടി ആശ്വാസമാകുന്നതാണ് സുപ്രീം കോടതി നടപടി. കുട്ടിയുടെ അച്ഛനാണ് ഇതിന് പിന്നിലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം ജൂണില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും കണക്കിലെടുത്താണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്ബോള്‍ കുട്ടി അശ്ലീല വീഡിയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചത്

ആദ്യം അച്ഛന്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചത് അമ്മയുടെ കൂടെ താമസിക്കുന്ന ഏറ്റവും ഇളയ മകനായ 11 കാരനെ കൊണ്ടായിരുന്നു. ചൈല്‍ഡ് ലൈന്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിക്കുകയും പിതാവിന്റെ സമ്മര്‍ദ്ദപ്രകാരം കേസെടുക്കാന്‍ നോക്കുകയുമുണ്ടായി. എന്നാല്‍, കുട്ടി ഇതിനെ എതിര്‍ത്തു. അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്ന് കുട്ടി കരഞ്ഞു കൊണ്ട് അറിയിച്ചു. തന്റെ രണ്ടാം വിവാഹം എതിര്‍ത്തതാണ് ഭാര്യയോട് ഈ ക്രൂരമായ പ്രവൃത്തി ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചത്. ഇളയ കുട്ടിയെ കൊണ്ടുപോകാനുള്ള അടവാണത്രേ ഈ കേസ്. പോലീസ് പറ്റാവുന്ന അത്രയും വകുപ്പും ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് യുവതി മാറിത്താമസിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടികളേയും ഭര്‍ത്താവ് കൊണ്ടുപോയിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള കുട്ടികളാണ് യുവതിയ്‌ക്കെതിരെ മൊഴി നല്‍കിയിരുന്നത്. നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു.