മുഖ്യമന്ത്രി സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരന്‍

single-img
4 December 2022

കോഴിക്കോട് : ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റി മുഖ്യമന്ത്രി സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരന്‍ എംപി.

ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ കാവിവത്കരണ നീക്കം നടത്തുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. പ്രോട്ടോക്കോളനുസരിച്ച്‌ ചാന്‍സിലരുടെ കീഴിലാണ് വകുപ്പ് മന്ത്രിയായ പ്രോചാന്‍സിലര്‍. പ്രോട്ടോക്കോളില്‍ താഴെയായ വ്യക്തിയുടെ കീഴില്‍ എങ്ങനെ പ്രോ ചാന്‍സിലര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ചോദ്യവും മുരളീധരന്‍ ഉയര്‍ത്തി.

ഏത് ബില്‍ പാസാക്കിയാലും ഗവര്‍ണര്‍ക്ക് ഒപ്പിടാതിരിക്കാം. എത്രകാലം വേണമെങ്കിലും കൈവശം വെക്കാം. അങ്ങനെയിരിക്കെ എന്തിനാണ് ഈ ബില്ലെന്ന് വ്യക്തമാകുന്നില്ല. വിഷയത്തില്‍ യുഡിഎഫ് യോജിച്ച്‌ ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ചാന്‍സലറെ മാറ്റുന്ന ബില്ലില്‍ യുഡിഎഫിന് ഒരു നിലപാടേ ഉണ്ടാവുകയുള്ളു. ലീഗിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റി പിണറായിക്ക് ഇഷ്ടമുള്ളയാളെ നിയമിക്കാന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം വിഷയത്തില്‍ മന്ത്രിസഭക്ക് കൂട്ടുത്തരവദിത്വം നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ വിമര്‍ശിച്ചു. കേന്ദ്ര സേനയെ വിളിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നിര്‍മ്മാണം നടക്കുമ്ബോള്‍ കേന്ദ്ര സേന വേണ്ടെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

ശശി തരൂരിന്റെ കോട്ടയം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച മുരളീധരന്‍, ഇത്തരം കാര്യങ്ങളില്‍ വിവാദം പാടില്ലെന്നും തരൂര്‍ സന്ദര്‍ശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് പത്രക്കാരെ അറിയിച്ചത് തെറ്റാണെന്നും തുറന്നടിച്ചു. ശശി തരൂര്‍ വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. അറിയിച്ചില്ലെങ്കില്‍ കൂടി ഡിസിസി പ്രസിഡന്റ് പരാതി പറയേണ്ടിയിരുന്നത് കെപിസിസിക്കായിരുന്നുവെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.