അട്ടപ്പാടി മധു വധക്കേസില്‍ നിര്‍ണായക ഹരജികളില്‍ വിധി ഇന്ന്

single-img
26 September 2022

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മൂന്ന് നിര്‍ണായക ഹരജികളില്‍ മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതി ഇന്ന് വിധി പറയും.

കോടതി കാഴ്ച ശക്തി പരിശോധിപ്പിച്ച സുനിലിനെതിരെ നടപടി വേണമെന്ന ഹര്‍ജിയാണ് ഇതില്‍ പ്രധാനം. കോടതി നടപടികള്‍ ചിത്രീകരിക്കണമെന്ന ഹരജിയിലും വിധി പറയും.

കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച സാക്ഷികള്‍ക്ക് എതിരെ നടപടി വേണമെന്ന ഹരജികളില്‍ ഇന്ന് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതി വിധി പറയും. കണ്ണു പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനില്‍കുമാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ബോധ്യപെട്ടിരുന്നു. സുനില്‍ കുമാറിന്‍റെ കാഴ്ച്ച ശക്തിക്ക് പ്രശ്നങ്ങളില്ലെന്ന് ഡോക്ടറും കോടതിയിലെത്തി മൊഴി നല്‍കി. സുനില്‍ കുമാറിനെ ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തില്‍ കോടതി ഇന്ന് വിധി പറയും.

സ്വന്തം ദൃശ്യം തിരിച്ചറിയാതിരുന്ന സാക്ഷി അബ്ദുല്‍ ലത്തീഫിന്‍റെ ദൃശ്യങ്ങളും പാസ്പോര്‍ട്ടിലെ ഫോട്ടോയും ഫോറന്‍സിക് പരിശോധക്ക് വിടണമോ എന്ന കാര്യത്തിലും കോടതി തീരുമാനം എടുക്കും. മധുവിന്‍റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോഡ് ചെയ്യണമെന്ന ഹരജിയിലും വാദം കഴിഞ്ഞു. പ്രോസിക്യൂഷനും മധുവിന്‍റെ അമ്മ മല്ലിയും നല്‍കിയ ഹരജിയിലും വിധി ഇന്ന് ഉണ്ടാകും. ഇന്ന് 69 മുതല്‍ 74 വരെയുള്ള ആറ് സാക്ഷികളെയാണ് വിസ്തരിക്കുക. ഇതില്‍ 5 സാക്ഷികള്‍ റവന്യൂ ഉദ്യോഗസ്ഥരാണ്.